മൺട്രിയോൾ : വർഷങ്ങളുടെ പ്രയത്നത്തിനൊടുവിൽ റോക്കറ്റ് വിക്ഷേപിച്ച് നോർത്തേൺ കെബെക്ക് കൺകോർഡിയ യൂണിവേഴ്സിറ്റിയിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ. ജിന കോഡി സ്കൂളിലെ ‘സ്പേസ് കൺകോർഡിയ’ എന്ന വിദ്യാർത്ഥി കൂട്ടായ്മയാണ് 13 മീറ്റർ നീളമുള്ള ‘സ്റ്റാർസെയിലർ’ എന്ന റോക്കറ്റ് വിക്ഷേപിച്ചത്. പ്രവിശ്യയിലെ ‘മിസ്റ്റിസിനി’ ക്രീ നേഷൻ കമ്മ്യൂണിറ്റിക്ക് 250 കിലോമീറ്റർ അകലെയാണ് വിക്ഷേപണം നടന്നത്. വിക്ഷേപണത്തിന് മുന്നോടിയായി ഇവർ ക്രീ നേഷൻ നേതാക്കളുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്നു.
2018-ലാണ് സ്റ്റാർസെയിലർ പദ്ധതി ആരംഭിച്ചത്. വിക്ഷേപിച്ച് ഒരു മിനിറ്റിനുള്ളിൽ റോക്കറ്റ് വേർപെട്ടതിനാൽ ഇത് ബഹിരാകാശത്ത് എത്തിയോ എന്നത് വ്യക്തമല്ല. റോക്കറ്റിന്റെ സഞ്ചാരപാതയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് വിദ്യാർത്ഥികൾ.

ഇവർ നിർമ്മിച്ച ലിക്വിഡ്-ഫ്യുവൽ റോക്കറ്റ് ബഹിരാകാശത്ത് എത്തുകയാണെങ്കിൽ, അത് ലോകത്തിലെ ഒരു സർവ്വകലാശാലയുടെ ആദ്യത്തെ ലിക്വിഡ്-ഫ്യുവൽ റോക്കറ്റ് വിക്ഷേപണവും, കഴിഞ്ഞ 25 വർഷത്തിനിടയിൽ കനേഡിയൻ മണ്ണിൽ നിന്ന് ബഹിരാകാശത്തേക്ക് നടത്തുന്ന ആദ്യ വിക്ഷേപണവും ആയിരിക്കും.
കൂടാതെ, ഈ പദ്ധതിയെക്കുറിച്ചുള്ള ഡോക്യുമെന്ററിയും നിർമ്മാണ ഘട്ടത്തിലാണ്.