അമരാവതി: തെലങ്കാനയ്ക്ക് പിന്നാലെ ആന്ധ്രാപ്രദേശിലും സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്രാ പദ്ധതിക്ക് തുടക്കമായി. സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് സൗജന്യമായി ബസില്‍ യാത്ര ചെയ്യാന്‍ അവസരം നല്‍കുന്ന ‘സ്ത്രീ ശക്തി’ എന്ന ഈ പദ്ധതിക്ക് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് തുടക്കം കുറിച്ചത്. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍, ഐടി മന്ത്രി നരാ ലോകേഷ് എന്നിവര്‍ സ്ത്രീകള്‍ക്കൊപ്പം ഉദ്ഘാടനയാത്രയില്‍ പങ്കെടുത്തു. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സംസ്ഥാനത്തിന്റെ ഏതുഭാഗത്തേക്കും ഇനി സൗജന്യമായി യാത്ര ചെയ്യാം.
ആന്ധ്രപ്രദേശ് സംസ്ഥാന റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇങ്ങനെ യാത്ര ചെയ്യുന്നവര്‍ക്ക് പൂജ്യം നിരക്കിലുള്ള പ്രത്യേക ടിക്കറ്റുകളാവും നല്‍കുക. റീഇംബേഴ്സ്മെന്റിനായി APSRTC ഈ ടിക്കറ്റുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കും. ആന്ധ്രപ്രദേശില്‍ താമസിക്കുന്നവര്‍ക്കു മാത്രമേ സൗജന്യ യാത്ര ലഭ്യമാകൂ. സൗജന്യമായി യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, അല്ലെങ്കില്‍ റേഷന്‍ കാര്‍ഡ് എന്നിവയിലേതെങ്കിലും ഒന്ന് തിരിച്ചറിയല്‍ രേഖയായി ഹാജരാക്കാം.

സൗജന്യ യാത്രക്ക് ഒറിജിനല്‍ ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ് എന്നിവ മാത്രമേ സ്വീകരിക്കുകയുള്ളൂ. മൊബൈല്‍ ഫോണിലെ ആധാര്‍ കാര്‍ഡിന്റെ ഫോട്ടോ കോപ്പികളോ ഫോട്ടോകളോ സ്വീകാര്യമല്ല. കാരണം, ഫോട്ടോ കോപ്പികള്‍ ദുരുപയോഗം ചെയ്യപ്പെടാനും ഡിജിറ്റല്‍ ചിത്രങ്ങള്‍ വിശ്വസനീയമല്ലാത്തതിനാലുമാണ് ഇത്. അതിനാല്‍, യാത്ര ചെയ്യുമ്പോള്‍ ഒറിജിനല്‍ ആധാര്‍ കാര്‍ഡ് കയ്യില്‍ കരുതുന്നത് അത്യാവശ്യമാണ്.
സ്ത്രീകള്‍ തങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിലാസം ആന്ധ്രാപ്രദേശില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കണം. തെലങ്കാന വിലാസമുള്ളവര്‍ ടിക്കറ്റ് വാങ്ങേണ്ടതുണ്ട്.
ആധാര്‍ കാര്‍ഡിലെ ഫോട്ടോ കാലികമായിരിക്കേണ്ടത് ഒരുപോലെ പ്രധാനമാണ്. കാഴ്ചയിലെ കാര്യമായ വ്യത്യാസങ്ങള്‍ പരിശോധനയില്‍ സങ്കീര്‍ണ്ണതകള്‍ക്ക് കാരണമായേക്കാം.
കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുന്‍പ് ടിഡിപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര. പ്രതിവര്‍ഷം 1,942 കോടി രൂപ ഈ പദ്ധതിക്ക് ചെലവ് വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.