എഡ്മിന്റൻ : സെന്റ് ആൽബർട്ടിലെ ആൽഡർവുഡ് മേഖലയിൽ നായയുടെ കടിയേറ്റ് വയോധികയ്ക്ക് ഗുരുതരമായി പരുക്കേറ്റു. 61 വയസ്സുള്ള സ്ത്രീ തന്റെ നായയുമായി നടന്നുപോകുന്നതിനിടെ ഒരു വലിയ കറുത്ത നായ ഇവരെ ആക്രമിക്കുകയായിരുന്നു. നായയുടെ കടിയേറ്റ് ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ആർസിഎംപി അറിയിച്ചു. അടിയന്തിര ശസ്ത്രക്രിയയ്ക്കും വിധേയയാക്കിയെന്ന് അധികൃതർ പറഞ്ഞു. ആക്രമണത്തിൽ പരുക്കേറ്റ ഇവരുടെ നായയെ മൃഗഡോക്ടറുടെ അടുത്തേക്ക് മാറ്റി. സംഭവത്തിൽ നായയെയും ഉടമയെയും കണ്ടെത്താൻ ആർസിഎംപി അന്വേഷണം ആരംഭിച്ചു.

സംഭവസമയത്ത് ഒരു യുവതിയാണ് കറുത്ത നായയുമായി നടന്നിരുന്നതെന്നും,18-നും 20-നും ഇടയിൽ പ്രായമുള്ള ഈ യുവതിക്ക് തവിട്ടുനിറമുള്ള മുടിയാണെന്നും ദൃക്‌സാക്ഷികൾ പറയുന്നു. ബോക്സർ ഇനത്തിൽപ്പെട്ട നായയാണിതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 780-458-7700,1-800-222-8377 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.