വാഷിങ്ടൺ : രേഖകളിലെ പിഴവ് കാരണം യുഎസ് ഇമിഗ്രേഷൻ തടങ്കലിലായ ന്യൂസിലൻഡ് യുവതിയെയും മകനെയും മൂന്നാഴ്ചക്ക് ശേഷം വിട്ടയച്ചു. ന്യൂസിലൻഡ് പൗരയായ സാറ ഷായും (33) അവരുടെ ആറുവയസ്സുള്ള മകനുമാണ് മോചിതരായത്. 2021 മുതൽ നിയമപരമായി യുഎസിൽ താമസിക്കുന്ന സാറ, തന്റെ രണ്ട് മുതിർന്ന കുട്ടികളെ ന്യൂസിലൻഡിലേക്ക് വിടാനായി വൻകൂവർ വിമാനത്താവളത്തിൽ പോയി മടങ്ങവെയാണ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) ഉദ്യോഗസ്ഥർ അവരെ തടഞ്ഞുവെച്ചത്.

യുഎസ്സിൽ നിന്ന് പുറത്തുപോകാനും തിരികെ പ്രവേശിക്കാനും അനുമതി നൽകുന്ന സാറയുടെ ട്രാവൽ പെർമിറ്റ് കാലാവധി കഴിഞ്ഞിരുന്നു. മകന്റെ പെർമിറ്റിന് സാധുതയുണ്ടായിരുന്നിട്ടും, ഇരുവരെയും കസ്റ്റഡിയിലെടുത്ത് ടെക്സസിലെ തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. അതേസമയം, ഇത് ഒരു ചെറിയ പിഴവ് മാത്രമാണെന്നും, അവരെ തടങ്കലിൽ വെക്കേണ്ട ആവശ്യം ഇല്ലായിരുന്നെന്നും അഭിഭാഷക വാദിച്ചു. ട്രംപ് ഭരണകൂടത്തിൻ്റെ കർശനമായ ഇമിഗ്രേഷൻ നയങ്ങളാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ.