ന്യൂഡല്‍ഹി: ഇന്ത്യയുമായി ഈ മാസം അവസാനം നടത്താനിരുന്ന വ്യാപാര ചര്‍ച്ചകള്‍ അമേരിക്ക മാറ്റിവച്ചു. യുഎസ് സംഘത്തിന്റെ ഇന്ത്യാ സന്ദര്‍ശനം തല്ക്കാലം മരവിപ്പിച്ചതോടെ ഇന്ത്യ-അമേരിക്ക വ്യാപാരക്കരാര്‍ അനിശ്ചിതത്വത്തിലായി. കാര്‍ഷിക മേഖലയില്‍ വിട്ടുവീഴ്ചയില്ലെന്ന ഇന്ത്യയുടെ നിലപാടാണ് ചര്‍ച്ചകള്‍ മാറ്റിവയ്ക്കാന്‍ കാരണമെന്നാണ് സൂചന.
ഓഗസ്റ്റ് 25 മുതല്‍ 29 വരെയാണ് യുഎസ് സംഘത്തിന്റെ ഇന്ത്യന്‍ സന്ദര്‍ശനമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്ത്യക്കുമേലുള്ള യുഎസിന്റെ അധിക തീരുവ വര്‍ധനയ്ക്ക് പിന്നാലെ നിലനില്‍ക്കുന്ന സാമ്പത്തിക സംഘര്‍ഷ സാഹചര്യത്തിലാണ് വ്യാപാര ചര്‍ച്ചയുമായിബന്ധപ്പെട്ട സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് സൂചന. ഓഗസ്റ്റ് 27-ന് അന്തിമ ധാരണയിലെത്തേണ്ടിയിരുന്ന ഈ വ്യാപാരക്കരാറിനായി ഓഗസ്റ്റ് ഒന്നിന് മുന്‍പ് അഞ്ച് തവണ ഇരു രാജ്യങ്ങളിലെയും സംഘങ്ങള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്നാല്‍ കാര്‍ഷിക, ക്ഷീര വിപണിയില്‍ കൂടുതല്‍ ഇടം വേണമെന്ന യുഎസിന്റെ നിര്‍ബന്ധമാണ് കരാറിലെ പ്രധാന തടസം. ചെറുകിട കര്‍ഷകരുടെ ഉപജീവനമാര്‍ഗത്തെയടക്കം ബാധിക്കുമെന്നതിനാല്‍ ഈ മേഖലകളില്‍ കൂടുതല്‍ പങ്കാളിത്തം ആവശ്യപ്പെടുന്ന യുഎസ് നിലപാടിനെ ഇന്ത്യക്ക് അംഗീകരിക്കാനാവില്ല.