ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെയും നാസയുടെയും സംയുക്ത സംരംഭമായ നിസാര്‍ (NASA-ISRO Synthetic Aperture Radar) ഭ്രമണപഥത്തില്‍ ഭീമന്‍ റഡാര്‍ റിഫ്ലക്ടര്‍ ആന്റിന വിജയകരമായി വിന്യസിച്ചു. ബഹിരാകാശത്തേക്ക് അയച്ചതില്‍ വച്ച് ഏറ്റവും വലിയ ആന്റിനകളില്‍ ഒന്നായ എട്ട് മീറ്റര്‍ വീതിയുള്ള ഈ ആന്റിന കൃത്യ സ്ഥലത്ത് വിന്യസിച്ചതായി എന്‍ജിനീയര്‍മാര്‍ സ്ഥിരീകരിച്ചു. ഭൂമിയിലെ മാറ്റങ്ങള്‍ നിരീക്ഷിക്കുന്നതിനും പഠിക്കുന്നതിനും സഹായിക്കുന്ന ഈ ആന്റിന, നിസാര്‍ ദൗത്യത്തിലെ ഒരു നിര്‍ണായക ഘട്ടമായിരുന്നു.
നാസ നിര്‍മ്മിച്ച എല്‍-ബാന്‍ഡിലും ഇസ്രോ സംഭാവന ചെയ്ത എസ്-ബാന്‍ഡിലും പ്രവര്‍ത്തിക്കുന്ന റഡാര്‍ ഉപകാരണങ്ങളുമായാണ് ഈ റിഫ്‌ലക്ടര്‍ പ്രവര്‍ത്തിക്കുന്നത്.’ഈ മിഷന്റെ ഹൃദയമാണ് ഈ റിഫ്‌ളക്ടര്‍ ,ഇതിന്റെ സുരക്ഷിതമായ വിന്യാസം ഉപഗ്രഹം അടുത്ത ഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് പ്രാപ്തമാണെന്ന ഉറപ്പ് നല്‍കുന്നതായും’ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

കാലാവസ്ഥാ വ്യതിയാനം, പ്രകൃതിദുരന്തങ്ങള്‍, മരങ്ങള്‍ നശിക്കുന്നത്, മഞ്ഞുമലകളുടെ ചലനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ആഴത്തിലുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഈ ഉപഗ്രഹത്തിന് സാധിക്കും. നിസാര്‍ ദൗത്യത്തിന്റെ ഈ വിജയം ഭാവിയിലെ ബഹിരാകാശ ഗവേഷണങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാകുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നത്.
രാജ്യത്ത് ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രകൃതി ദുരന്തത്തിനും നൈസാര്‍ വലിയ മുതല്‍ക്കൂട്ടാകും. ഭകമ്പം, പ്രളയം, സുനാമി, മണ്ണിടിച്ചില്‍, അഗ്നിപര്‍വ്വത സ്ഫോടനം തുടങ്ങിയ പ്രകൃതിദുരന്തങ്ങളെക്കുറിച്ച് മുന്‍കൂട്ടി വിവരങ്ങള്‍ അറിയാന്‍ ഇതിലൂടെ സാധിക്കും.