വാഷിങ്ടണ്‍: ചൈന തായ്‌വാനെ ഇനി ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. താന്‍ അമേരിക്കന്‍ പ്രസിഡന്റായി തുടരുന്നിടത്തോളം കാലം തായ്‌വാനെ ആക്രമിക്കില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഉറപ്പ് നല്‍കിയതായി ട്രംപ്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍.
ചൈനീസ് പ്രസിഡന്റ് ഈ വര്‍ഷം ആദ്യം തന്നെ ബന്ധപ്പെട്ടിരുന്നതായും തങ്ങളുടെ ആദ്യ ഔദ്യോഗിക ഫോണ്‍ സംഭാഷണത്തിലാണ് ഈ ഉറപ്പ് ലഭിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. വാഷിങ്ടണിലെ ചൈനീസ് എംബസി തായ്‌വാനെ യുഎസ്-ചൈന ബന്ധങ്ങളിലെ ‘ഏറ്റവും പ്രധാനപ്പെട്ടതും സെന്‍സിറ്റീവുമായ വിഷയം’ എന്നാണ് വിശേഷിപ്പിച്ചത്. തായ്വാന്‍ കടലിടുക്കില്‍ സമാധാനവും സ്ഥിരതയും നിലനിര്‍ത്താന്‍ യുഎസിനോട് തായ്വാന്‍ പ്രശ്‌നങ്ങള്‍ വിവേകപൂര്‍വ്വം കൈകാര്യം ചെയ്യണമെന്ന് എംബസി വക്താവ് ലിയു പെങ്യു ആവശ്യപ്പെട്ടു.
സ്വയംഭരണാവകാശമുള്ള ദ്വീപായ തായ്വാനെ തങ്ങളുടെ ഭാഗമായാണ് ചൈന കണക്കാക്കുന്നത്. ആവശ്യമെങ്കില്‍ ബലപ്രയോഗത്തിലൂടെ ദ്വീപ് പിടിച്ചെടുക്കുമെന്ന് ചൈന നേരത്തെ അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഈ അവകാശവാദങ്ങളെ തായ്വാന്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. അതേസമയം ട്രംപിന്റെ പ്രസ്താവനയോട് തായ്വാന്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.