ഓട്ടവ : റഷ്യ-യുക്രെയ്ൻ സമാധാന ചർച്ചകളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപെടൽ പ്രശംസനീയമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. അലാസ്കയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ട്രംപ് നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് കാർണി അഭിപ്രായ പ്രകടനം നടത്തിയത്. സുരക്ഷാ ഉറപ്പുകൾ നൽകാൻ അമേരിക്ക കാണിക്കുന്ന സന്നദ്ധതയെ താൻ സ്വാഗതം ചെയ്യുന്നതായും കാർണി പ്രസ്താവനയിൽ പറഞ്ഞു.

യുക്രേനിയൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി അലാസ്ക ഉച്ചകോടിയിൽ പങ്കെടുത്തിരുന്നില്ല. വെടിനിർത്തൽ സംബന്ധിച്ചോ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മാർഗ്ഗത്തെക്കുറിച്ചോ യാതൊരു തീരുമാനവുമെടുക്കാതെയാണ് കൂടിക്കാഴ്ച അവസാനിച്ചത്. എന്നാൽ, ഒരു വെടിനിർത്തലിനപ്പുറം, സമ്പൂർണ്ണ സമാധാന ഉടമ്പടിയിലാണ് തന്റെ ശ്രദ്ധയെന്ന് ട്രംപ് പിന്നീട് വ്യക്തമാക്കി. തിങ്കളാഴ്ച സെലൻസ്കിയുമായി വൈറ്റ് ഹൗസിൽ വെച്ച് കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.