ഓട്ടവ : ഫ്ലൈറ്റ് അറ്റൻഡന്റുകളുടെ പണിമുടക്ക് അവസാനിപ്പിക്കാൻ കനേഡിയൻ സർക്കാർ ഇടപെട്ടതോടെ, എയർ കാനഡ ഇന്ന് വിമാന സർവീസുകൾ പുനരാരംഭിക്കും. ശനിയാഴ്ച ആരംഭിച്ച സമരം 12 മണിക്കൂറിനുള്ളിൽ സർക്കാർ ഉത്തരവിലൂടെ അവസാനിപ്പിക്കുകയായിരുന്നു.
സേവനങ്ങൾ സാധാരണ നിലയിലാക്കാൻ കുറച്ച് ദിവസങ്ങൾ വേണ്ടിവരുമെങ്കിലും, ഇന്നു വൈകുന്നേരം മുതൽ ആദ്യ സർവീസുകൾ പുനരാരംഭിക്കുമെന്ന് മൺട്രിയോൾ ആസ്ഥാനമായുള്ള എയർ കാനഡ അറിയിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി പ്രവർത്തനങ്ങൾ പുനരാരംഭിച്ച്, ഫ്ലൈറ്റ് അറ്റൻഡന്റ്സ് ജോലിക്കെത്തണമെന്ന് കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡ് എയർ കാനഡയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ശമ്പളത്തെച്ചൊല്ലി എയർ കാനഡയും ഫ്ലൈറ്റ് അറ്റൻഡന്റുകളുടെ യൂണിയനായ കനേഡിയൻ യൂണിയൻ ഓഫ് പബ്ലിക് എംപ്ലോയീസും തമ്മിൽ അവസാന നിമിഷവും ധാരണയിലെത്താൻ സാധിക്കാതെ വന്നതോടെയാണ് സമരം ആരംഭിച്ചത്. സമരത്തെ തുടർന്ന് വിമാനക്കമ്പനി ജീവനക്കാരെ പിരിച്ചുവിട്ടതായി യൂണിയൻ ആരോപിച്ചു. അതേസമയം, എയർ കാനഡയുടെ ആവശ്യങ്ങൾക്ക് സർക്കാർ വഴങ്ങിയെന്നും യൂണിയൻ ആരോപിക്കുന്നു.