എഡ്മിന്റൻ : ആൽബർട്ട ബാറ്റിൽ റിവർ-ക്രോഫൂട്ട് ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കൺസർവേറ്റിവ് ലീഡർ പിയേർ പൊളിയേവിന് ഹൗസ് ഓഫ് കോമ്മൺസിലെ സ്ഥാനം നഷ്ടമായതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഏപ്രിലിൽ നടന്ന ഫെഡറൽ തിരഞ്ഞെടുപ്പിൽ കാൾട്ടൺ റൈഡിങ്ങിൽ നിന്ന് പരാജയപ്പെട്ടതോടെ പൊളിയേവിന് പ്രതിപക്ഷ നേതാവ് പദവി നഷ്ടമായി. ഇതേത്തുടർന്ന് ബാറ്റിൽ റിവർ-ക്രോഫൂട്ട് റൈഡിങ്ങിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച കൺസർവേറ്റിവ് പാർട്ടി എംഎൽഎ ഡാമിയൻ കുറേക്ക്, സ്ഥാനം രാജി വച്ച് പിയേർ പൊളിയേവിന് മത്സരിക്കാൻ അവസരം ഒരുക്കുകയായിരുന്നു.

കൺസർവേറ്റീവ് പാർട്ടിയുടെ ഏറ്റവും സുരക്ഷിതമായ മണ്ഡലങ്ങളിലൊന്നാണ് ബാറ്റിൽ റിവർ-ക്രോഫൂട്ട്. എന്നാൽ ഇരുന്നൂറിലധികം സ്ഥാനാർത്ഥികൾ പൊളിയേവിനെതിരെ മത്സര രംഗത്തുണ്ട്. ഇതിൽ ഭൂരിഭാഗവും ‘ലോംഗസ്റ്റ് ബാലറ്റ് കമ്മിറ്റി’യുടെ ഭാഗമാണ്. സ്ഥാനാർത്ഥികളുടെ എണ്ണം കൂടുതലായതിനാൽ ബാലറ്റിൽ ഇഷ്ട സ്ഥാനാർത്ഥിയുടെ പേര് എഴുതി ചേർത്ത് വേണം സമ്മതിദായകർ വോട്ട് രേഖപ്പെടുത്താൻ.

രാവിലെ 8:30 മുതൽ രാത്രി 8:30 വരെയാണ് പോളിങ് സമയം. പ്രത്യേക ബാലറ്റായതിനാൽ വോട്ടെണ്ണാൻ സാധാരണയെക്കാൾ കൂടുതൽ സമയമെടുക്കുമെന്ന് ഇലക്ഷൻസ് കാനഡ അറിയിച്ചു. 86,000-ൽ അധികം വോട്ടർമാരുള്ള മണ്ഡലത്തിൽ 14,000-ൽ അധികം ആളുകൾ മുൻകൂട്ടി വോട്ട് രേഖപ്പെടുത്തിയിരുന്നു.