റിഗ, ലാത്വിയ : ലാത്വിയയിലെ കാനഡയുടെ സൈനിക ദൗത്യം മൂന്ന് വർഷത്തേക്ക് കൂടി നീട്ടുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. യുക്രെയ്നിലെ റഷ്യൻ ആക്രമണം തടയാനുള്ള ദൗത്യത്തിന്‍റെ ഭാഗമായാണ് 2029 വരെ കാനഡ ലാത്വിയയിൽ സൈന്യത്തെ നിലനിർത്തുന്നത്. ലാത്വിയൻ പ്രധാനമന്ത്രി എവിക സിലിനയുമായി കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മാർക്ക് കാർണി.

നിലവിലെ സൈനിക ദൗത്യം 2026 മാർച്ചിൽ അവസാനിക്കാനിരിക്കെയാണ് മൂന്ന് വർഷത്തേക്ക് കൂടി നീട്ടാൻ ഒരുങ്ങുന്നത്. കാനഡയുടെ ഏറ്റവും വലിയ വിദേശ ദൗത്യമായ ഓപ്പറേഷൻ റീഅഷ്വറൻസിന്റെ ഭാഗമായി ലാത്വിയയിൽ ഇപ്പോൾ 2,000 കനേഡിയൻ സായുധ സേന സൈനികരുണ്ടെന്ന് കാർണിയുടെ ഓഫീസ് പറയുന്നു. യൂറോപ്പിന്‍റെ കിഴക്കൻ മേഖലയുടെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനും ബാൾട്ടിക് രാജ്യങ്ങൾ ആക്രമിക്കുന്നതിൽ നിന്ന് റഷ്യക്കാരെ തടയുന്നതിനുമായി 2017 മുതൽ കനേഡിയൻ സൈനികർ ലാത്വിയയിലുണ്ട്.