ടൊറൻ്റോ : ജൂലൈ മാസത്തിലെ ഗ്രേറ്റർ ടൊറൻ്റോ മേഖലയിലെ പുതിയ വീടുകളുടെ വിൽപ്പന പതിറ്റാണ്ടുകളിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് പുതിയ റിപ്പോർട്ട്. നിലവിലെ അവസ്ഥ 1990-കളിലെ മാന്ദ്യകാലത്തേ വീടുകളുടെ വിൽപ്പനയ്ക്ക് സമാനമാണെന്നും ബിൽഡിങ് ഇൻഡസ്ട്രി ആൻഡ് ലാൻഡ് ഡെവലപ്‌മെൻ്റ് അസോസിയേഷൻ (ബിഐഎൽഡി) റിപ്പോർട്ട് സൂചിപ്പിക്കുന്നു. ജൂലൈയിലെ വീടുകളുടെ വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 48% കുറഞ്ഞതായി ബിഐഎൽഡി പറയുന്നു.

ജിടിഎയിൽ സാധാരണ ജൂലൈ മാസത്തെ പുതിയ വീടുകളുടെ വിൽപ്പന കഴിഞ്ഞ 10 വർഷത്തെ ശരാശരി 1,941 യൂണിറ്റാണെങ്കിൽ 2025 ജൂലൈയിൽ 359 വീടുകൾ മാത്രമാണ് വിറ്റഴിച്ചത്. ഈ മേഖലയിൽ വിറ്റഴിച്ച വീടുകളിൽ, കോണ്ടോമിനിയം അപ്പാർട്ടുമെൻ്റുകൾ ഈ ജൂലൈയിൽ 150 യൂണിറ്റുകൾ മാത്രമേ വിറ്റിട്ടുള്ളു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 44 ശതമാനവും 10 വർഷത്തെ ശരാശരിയേക്കാൾ 60% കുറവുമാണെന്ന് റിപ്പോർട്ട് പറയുന്നു. സിംഗിൾ ബെഡ്‌റൂം വീടുകൾ, ലിങ്ക്ഡ്, സെമി ഡിറ്റാച്ച്ഡ് വീടുകൾ, ടൗൺഹൗസുകൾ എന്നിവയുടെ വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 44% കുറവും 10 വർഷത്തെ ശരാശരിയേക്കാൾ 60% കുറവുമാണ് ഉണ്ടായിട്ടുള്ളത്. 2025 ജൂലൈയിൽ 209 വീടുകൾ മാത്രമാണ് വിറ്റഴിച്ചത്.

അതേസമയം ജിടിഎയിൽ ലഭ്യമായ പുതിയ വീടുകളുടെ എണ്ണം ജൂണിനെ അപേക്ഷിച്ച് ജൂലൈയിൽ ചെറുതായി വർധിച്ചു. ജൂലൈയിൽ 22,654 പുതിയ യൂണിറ്റുകൾ വിപണിയിൽ എത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കാര്യമായ മാറ്റമൊന്നുമില്ലാതെ ഈ ജൂലൈയിൽ GTA-യിലെ പുതിയ കോണ്ടോമിനിയം അപ്പാർട്ടുമെൻ്റുകളുടെ ശരാശരി വില 1,029,527 ഡോളറായി. എന്നാൽ പുതിയ സിംഗിൾ ബെഡ്‌റൂം വീടുകളുടെ സ്റ്റാൻഡേർഡ് വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6.1% കുറഞ്ഞ് 1,488,940 ഡോളർ ആയി.