എഡ്മിന്റൻ : കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കണമെന്നും ആൽബർട്ടയെ കാനഡയിൽ നിന്ന് വേർപെടുത്തണമെന്നും ആവശ്യം ശക്തം. ഫെഡറൽ സർക്കാരിന്റെ ഇടപെടലുകളിൽ നിന്ന് പ്രവിശ്യയെ സംരക്ഷിക്കുന്നതിനുള്ള വഴികളെക്കുറിച്ച് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടുന്ന ‘ആൽബർട്ട നെക്സ്റ്റ്’ പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിലാണ് പ്രവിശ്യാനിവാസികൾ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയത്.

കുടുംബത്തോടെ കാനഡ വിടാൻ ഒരുങ്ങുകയാണെന്നും, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ചർച്ച നടത്തി അഭയം തേടുന്നവർക്കായി ഒരു പുതിയ സംവിധാനം ഉണ്ടാക്കണമെന്നും കുടിയേറ്റ നയങ്ങളെ വിമർശിച്ച് സംസാരിച്ച ചിലർ ആവശ്യപ്പെട്ടു. കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കുന്നതിൽ അഭിപ്രായം ആരാഞ്ഞപ്പോൾ സദസ്സിലെ ഭൂരിഭാഗം പേരും പിന്തുണച്ചു.

അതേസമയം, കുടിയേറ്റം കൂട്ടത്തോടെയുള്ള പുറത്താക്കലിന്റെ ഘട്ടത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ലെന്ന് ഡാനിയേൽ സ്മിത്ത് പ്രതികരിച്ചു. യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച പുതിയ നയാ പ്രഖ്യാപനമുണ്ടാകും. വിദേശ തൊഴിലാളികളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ തൊഴിലുടമകളോട് ആവശ്യപ്പെടുമെന്നും സ്മിത്ത് വ്യക്തമാക്കി.