മൺട്രിയോൾ : പ്രവിശ്യയിൽ മതേതരത്വം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പുതിയ ബിൽ അവതരിപ്പിക്കാനൊരുങ്ങി ഫ്രാൻസ്വ ലെഗോൾട്ട് സർക്കാർ. അടുത്ത പാർലമെൻ്റ് സമ്മേളനത്തിൽ തെരുവ് പ്രാർത്ഥനകൾ നിരോധിക്കുന്നതിനുള്ള ബിൽ അവതരിപ്പിക്കുമെന്ന് കെബെക്ക് സർക്കാർ പ്രഖ്യാപിച്ചു. അതേസമയം നിർദിഷ്ട നിയമനിർമ്മാണത്തിൽ കനേഡിയൻ മുസ്ലീം ഫോറം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

തെരുവുകളിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന ആളുകളുടെ എണ്ണം അനുദിനം വർധിക്കുന്നതായി പ്രീമിയർ ഫ്രാൻസ്വ ലെഗോൾട്ട് പറയുന്നു. തെരുവ് പ്രാർത്ഥനകളിലെ ഈ വർധന പ്രവിശ്യയിൽ, പ്രത്യേകിച്ച് മൺട്രിയോളിൽ ഗുരുതരവും സെൻസിറ്റീവുമായ ഒരു വിഷയമാണ്. സിഎക്യു കോക്കസിൽ നിന്ന് ശക്തമായ പിന്തുണയോടെ തെരുവ് പ്രാർത്ഥനകൾ നിരോധിക്കാനുള്ള സാധ്യതയേക്കുറിച്ച് പഠിക്കുന്നതായി പ്രീമിയർ പറഞ്ഞിരുന്നു. മാർച്ചിൽ, മതേതരത്വം ശക്തിപ്പെടുത്തുന്നതിനുള്ള ശുപാർശകൾ നൽകാൻ സർക്കാർ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. ഈ ആഴ്ച പുറത്തിറങ്ങിയ കമ്മിറ്റിയുടെ റിപ്പോർട്ട് പ്രകാരം, മുനിസിപ്പാലിറ്റികൾ ഈ രീതി നിയന്ത്രിക്കുന്നതിന് പകരം നയങ്ങൾ സ്വീകരിക്കണമെന്ന് നിർദ്ദേശിക്കുന്നു.