ഹാലിഫാക്സ് : സെല്ലുലാർ കവറേജ് കുറവുള്ള പ്രദേശങ്ങളിൽ അടിയന്തര മുന്നറിയിപ്പുകൾ നൽകാൻ കഴിയുന്ന പുതിയ ആപ്പ് ആരംഭിച്ച് നോവസ്കോഷ സർക്കാർ. എൻഎസ് അലേർട്ട് എന്ന ഈ പുതിയ ആപ്ലിക്കേഷൻ പഴയ 3G നെറ്റ്‌വർക്കുകളോ വൈ-ഫൈയോ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ പ്രവർത്തിക്കും. അതേസമയം നിലവിലെ ദേശീയ അലേർട്ട് റെഡി സിസ്റ്റത്തിന് LTE അല്ലെങ്കിൽ 5G നെറ്റ്‌വർക്കുകൾ ആവശ്യമാണ്. കൂടാതെ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കുമെന്ന് എമർജൻസി മാനേജ്‌മെൻ്റ് മന്ത്രി കിം മാസ്‌ലാൻഡ് അറിയിച്ചു. ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് എൻഎസ് അലേർട്ട് വളരെ സഹായകരമായിരിക്കും.

പത്ത് ലക്ഷം ഡോളർ ചെലവഴിച്ച് ആൽബർട്ട ആസ്ഥാനമായുള്ള പബ്ലിക് എമർജൻസി അലേർട്ടിങ് സർവീസസ് ഇൻകോർപ്പറേറ്റഡുമായി സഹകരിച്ചാണ് NS അലേർട്ട് വികസിപ്പിച്ചിരിക്കുന്നത്. കാനഡയിലെവിടെയും ഉപയോക്താക്കൾക്ക് അലേർട്ടുകൾ സ്വീകരിക്കാൻ കഴിയും. കൂടാതെ ഫോണിന്‍റെ ഭാഷാ ക്രമീകരണങ്ങളെ അടിസ്ഥാനമാക്കി ഇംഗ്ലീഷിലോ ഫ്രഞ്ചിലോ അലേർട്ടുകൾ ലഭിക്കും. ആപ്പിന് മറ്റ് 32 ഭാഷകളിലേക്ക് അലേർട്ടുകൾ വിവർത്തനം ചെയ്യാനും കഴിയും.