വാഷിങ്ടൺ : ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തിയെപ്പോലെയാണ് അമേരിക്ക ഇന്ത്യയോട് പെരുമാറുന്നതെന്ന് യുഎസ് സാമ്പത്തിക വിദഗ്ധൻ റിച്ചാർഡ് വുൾഫ്. യുഎൻ കണക്കനുസരിച്ച് ഇന്ത്യയാണ് നിലവിൽ ലോകത്തിലെ ഏറ്റവും വലിയ രാജ്യം. ഇന്ത്യ എന്തു ചെയ്യണമെന്ന് യുഎസ് പറയുന്നത്, ആനയെ എലി ഇടിക്കുന്നത് പോലെയാണെന്നും അദ്ദേഹം പരിഹസിച്ചു. റഷ്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഡോണൾഡ് ട്രംപ് അധിക തീരുവ ഏർപ്പെടുത്തിയതിന് പിന്നാലെയാണ് വുൾഫിന്റെ പരാമർശം. യുഎസുമായി ബന്ധം വിച്ഛേദിച്ചാൽ ഇന്ത്യ മറ്റ് രാജ്യങ്ങളുമായി വ്യാപാരം നടത്തുമെന്നും ഇത് ബ്രിക്സ് രാജ്യങ്ങളെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക ഉത്പാദനത്തിൻ്റെ 35 ശതമാനവും ബ്രിക്സ് രാജ്യങ്ങളിൽ നിന്നാണ്, അതേസമയം ജി7 രാജ്യങ്ങളുടെ വിഹിതം 28 ശതമാനമായി കുറഞ്ഞെന്നും റിച്ചാർഡ് വുൾഫ് ചൂണ്ടിക്കാട്ടി.