മോസ്കോ : റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നതിനിടെ, യുക്രെയ്ൻ നാവികസേനയുടെ പ്രധാന നിരീക്ഷണ കപ്പലായ സിംഫെറോപോൾ റഷ്യ തകർത്തതായി റിപ്പോർട്ട്. ഡ്രോൺ ആക്രമണത്തിലാണ് കപ്പൽ തകർത്തതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രെയ്നിലെ ഒഡെസയിലുള്ള ഡാന്യൂബ് നദിയുടെ ഡെൽറ്റയിൽ വെച്ചാണ് കപ്പൽ ആക്രമിച്ചത്.

ആക്രമണത്തിൽ ഒരു നാവികൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ യുക്രെയ്ൻ നിർമ്മിച്ച ഏറ്റവും വലിയ കപ്പലാണ് സിംഫെറോപോൾ. റേഡിയോ, റഡാർ നിരീക്ഷണങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഈ കപ്പൽ 2021 മുതൽ യുക്രെയ്ൻ സൈന്യത്തിന്റെ ഭാഗമായിരുന്നു. ഡ്രോൺ ആക്രമണത്തിൽ കപ്പൽ പൂർണമായും മുങ്ങി.