വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് പദവി ഏറ്റെടുക്കാൻ താൻ തയാറാണെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. യുഎസ് ടുഡേക്ക് വ്യാഴാഴ്ച നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഭയാനകമായ ഒരു ദുരന്തമുണ്ടാവുകയാണെങ്കിൽ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ താൻ തയാറാണെന്ന് ജെ.ഡി വാൻസ് പറഞ്ഞു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആരോഗ്യത്തെ കുറിച്ച് അഭ്യൂഹങ്ങൾ പടരുന്നതിനിടെയാണ് വാൻസിന്റെ പ്രസ്താവന.

പ്രസിഡന്റ് കാലാവധിയുടെ ബാക്കിയുള്ള കാലം കൂടി വിജയകരമായി രാജ്യത്തിന് നല്ല കാര്യങ്ങൾ ചെയ്യാൻ ട്രംപിന് കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഭീകരമായ ദുരന്തമുണ്ടായാൽ രാജ്യത്തെ സേവിക്കാൻ വൈസ് പ്രസിഡന്റായുള്ള 200 ദിവസത്തെ പരിശീലനം മതിയാകുമെന്നും ജെ.ഡി വാൻസ് കൂട്ടിച്ചേർത്തു.