വാഷിങ്ടണ്‍: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിലെ മധ്യസ്ഥതയ്ക്ക് ഇന്ത്യ അനുവദിക്കാത്തതാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ഇന്ത്യയോടുള്ള നീരസത്തിന് കാരണമായതെന്നും ഇന്ത്യയ്‌ക്കെതിരെ തീരുവ വര്‍ധന നടപ്പിലാക്കാനുള്ള തീരുമാനത്തിലേക്ക് ട്രംപിനെ നയിച്ചതെന്നും റിപ്പോര്‍ട്ട്. അമേരിക്കന്‍ ബഹുരാഷ്ട്ര നിക്ഷേപബാങ്കും സാമ്പത്തിക സേവന സ്ഥാപനവുമായ ജെഫറീസിന്റെതാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ നടപടി ട്രംപിന്റെ നൊബേല്‍സമ്മാനമെന്ന സ്വപ്‌നത്തിന് മങ്ങലേല്‍ക്കാന്‍ കാരണമായതാണ് ഇന്ത്യയ്‌ക്കെതിരെ അന്‍പത് ശതമാനം ഇറക്കുതിത്തീരുവ ചുമത്താനുള്ള പ്രധാനകാരണമെന്ന് ജെഫറീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മേയ് മാസത്തിലുണ്ടായ ഇന്ത്യ-പാക് സൈനികസംഘര്‍ഷത്തില്‍ ഇടപെടാന്‍ ട്രംപ് ആഗ്രഹിച്ചിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ദീര്‍ഘകാലമായി തുടരുന്ന ശത്രുതാപരമായ നിലപാട് അവസാനിപ്പിക്കുന്നതില്‍ പ്രധാനപങ്ക് വഹിക്കാന്‍ അനുവദിക്കാത്തതില്‍ യുഎസ് പ്രസിഡന്റിനുണ്ടായ വ്യക്തിപരമായ നീരസത്തിന്റെ അനന്തരഫലമാണ് ഇന്ത്യയ്ക്കുമേല്‍ ചുമത്തിയ അധികതീരുവ, റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയ ഉയര്‍ന്ന തീരുവനടപടി കീഴ്‌വഴക്കമില്ലാത്തതും യുഎസിന്റെ പങ്കാളിത്ത രാഷ്ട്രങ്ങളുടെ മേല്‍ ചുമത്തിയതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ പെടുന്നതുമാണെന്നും റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു. ഇന്ത്യയ്ക്ക് മേലുള്ള അധികതീരുവ ഓഗസ്റ്റ് 27 മുതല്‍ നിലവില്‍ വന്നിരുന്നു.

കശ്മീര്‍ ഉള്‍പ്പെടെ പാകിസ്ഥാനുമായി ദീര്‍ഘകാലമായി തുടരുന്ന തര്‍ക്കങ്ങളില്‍ മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ലെന്ന നിലപാട് ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ നിലപാടിനെ കുറിച്ച് കൃത്യമായ ധാരണയുണ്ടെങ്കിലും ഇന്ത്യയും പാകിസ്താനുമായി ഉണ്ടാകാനിരുന്ന ആണവയുദ്ധം തന്റെ ഇടപെടല്‍ മൂലമാണ് ഒഴിവായതെന്ന് ട്രംപ് പലതവണ വീമ്പിളക്കിയിരുന്നു. പാകിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടായ അപേക്ഷയെ തുടര്‍ന്നാണ് ഇന്ത്യ വെടിനിര്‍ത്തലിലേക്ക് കടന്നതെന്ന് ഇന്ത്യ പലതവണ വ്യക്തമാക്കിയിട്ടും താന്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യ-പാക് സൈനികസംഘര്‍ഷം അവസാനിച്ചതെന്ന് ട്രംപ് ആവര്‍ത്തിച്ച് അവകാശവാദം ഉന്നയിക്കുകയും ചെയ്തു. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധതയും ഈ വര്‍ഷമാദ്യം ട്രംപിന്‍റെ ഭാഗത്തുനിന്നുണ്ടായിരുന്നു.