ഓട്ടവ : സാൽമൊണെല്ല അണുബാധയെ തുടർന്ന് അല്ലോ സിമോൺ ബ്രാൻഡ് പിസ്ത ഉൽപ്പന്നങ്ങളും കെബെക്കിൽ വിൽക്കുന്ന പേസ്ട്രികളും തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി അറിയിച്ചു. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങളിൽ ചോക്ലേറ്റ്, ഡാർക്ക് ചോക്ലേറ്റ് ഈസ്റ്റർ മുട്ടകൾ, പിസ്ത, റാസ്ബെറി എന്നിവയിൽ പൊതിഞ്ഞ അല്ലോ സിമോൺ സോർ ചെറികൾ, പിസ്ത എന്നിവയും ബക്ലാവ ലോസാഞ്ച്, ബക്ലാവ ഫ്ലൂർ പേസ്ട്രികളും ഉൾപ്പെടുന്നു. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ ഉപയോഗിക്കുകയോ വിൽക്കുകയോ വിതരണം ചെയ്യുകയോ ചെയ്യരുതെന്നും അവ വാങ്ങിയ സ്റ്റോറിൽ തിരികെ നൽകുകയോ ഉപേക്ഷിക്കുകയോ ചെയ്യണമെന്നും CFIA ഉപഭോക്താക്കളെ ഓർമ്മിപ്പിക്കുന്നു.

സാൽമൊണെല്ല ബാധിച്ച് 62 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൂടാതെ 10 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പബ്ലിക് ഹെൽത്ത് ഏജൻസി ഓഫ് കാനഡയുടെ കണക്കനുസരിച്ച്, ബ്രിട്ടിഷ് കൊളംബിയയിൽ അഞ്ച്, മാനിറ്റോബയിൽ ഒന്ന്, ഒൻ്റാരിയോയിൽ 11, കെബെക്കിൽ 45 എന്നിങ്ങനെയാണ് രോഗം ബാധിച്ച 62 കേസുകൾ. പകർച്ചവ്യാധി ബാധിച്ച രോഗികൾ രണ്ട് മുതൽ 89 വയസ്സ് വരെ പ്രായമുള്ളവരാണ്. കൂടാതെ രോഗബാധിതരിൽ ഭൂരിഭാഗവും സ്ത്രീകളാണ്.
