എഡ്മിന്റൻ: കാട്ടുതീ പുക വ്യാപനത്തെത്തുടർന്ന് ആൽബെർട്ട, സസ്‌കാച്വാൻ പ്രവിശകളിൽ വായു ഗുണനിലവാര മുന്നറിയിപ്പ് പുറപ്പെടുവിച്ച് എൻവയൺമെൻ്റ് കാനഡ. മധ്യ, വടക്കൻ ആൽബർട്ടയിലെ കാട്ടുതീയിൽ നിന്നുള്ള പുക മൂലം ദൃശ്യപരത കുറയുകയും വായുവിന്റെ ഗുണനിലവാരം മോശമാവുകയും ചെയ്യുന്നതായി കാലാവസ്ഥാ ഏജൻസി പറയുന്നു. എഡ്മിന്റൻ ഉൾപ്പെടെയുള്ള നിരവധി നഗരങ്ങളിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വായുവിന്റെ ഗുണനിലവാരം മോശമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

സസ്‌കാച്വാനിലെ സസ്കറ്റൂൺ, ബഫല്ലോ നാരോസ്, തുടങ്ങിയ നിരവധി കമ്മ്യൂണിറ്റികളിൽ സമാനമായ വായു ഗുണനിലവാര മുന്നറിയിപ്പുകൾ നിലനിൽക്കുന്നു. ഇവിടങ്ങളിൽ തിങ്കളാഴ്ച വളരെ ഉയർന്ന അപകടസാധ്യതയുള്ള സാഹചര്യങ്ങൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ആളുകൾ പുറത്ത് ചെലവഴിക്കുന്ന സമയം പരിമിതപ്പെടുത്താനും ഔട്ട്ഡോർ കായിക വിനോദങ്ങളും പ്രവർത്തനങ്ങളും മാറ്റിവയ്ക്കുന്നത് പരിഗണിക്കാനും എൻവയൺമെൻ്റ് കാനഡ നിർദ്ദേശിച്ചു.