ഓട്ടവ : കനേഡിയൻ പൗരന്മാർ തങ്ങൾ വിരമിക്കുമ്പോൾ മുതൽകൂട്ടാകുമെന്ന് കരുതി കോണ്ടോമിനിയം അപ്പാർട്ടുമെൻ്റുകൾ വാങ്ങാൻ തീരുമാനിച്ചതോടെ 2022-ന്‍റെ തുടക്കത്തിൽ കാനഡയിലെ കോണ്ടോ വിപണി വലിയ മുന്നേറ്റമാണ് നടത്തിയത്. എന്നാൽ, മൂന്ന് വർഷങ്ങൾക്ക് ശേഷം, കോണ്ടോ വിപണി തകർച്ച നേരിട്ടതോടെ കോണ്ടോകളിൽ നിക്ഷേപിക്കുന്നതിൽ കനേഡിയൻ പൗരന്മാർ കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ടെന്ന് പുതിയ പഠനങ്ങൾ തെളിയിക്കുന്നു. സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ കണക്കനുസരിച്ച്, 2022-ൽ ടൊറൻ്റോയിലെ അഞ്ച് കോണ്ടോമിനിയം അപ്പാർട്ടുമെൻ്റുകളിൽ രണ്ടെണ്ണം (38.9 ശതമാനം) നിക്ഷേപ സ്വത്തുക്കളായിരുന്നു. അതേസമയം വൻകൂവറിൽ മൂന്നിൽ ഒന്നിന്‍റെ (34.2 ശതമാനം) അവസ്ഥയും ഇതുതന്നെയായിരുന്നു. Leger for Rates.ca നടത്തിയ സർവേയിൽ, 30% കാനഡക്കാരും കോണ്ടോകൾ ഒരുകാലത്ത് നല്ല നിക്ഷേപമായിരുന്നുവെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോൾ ആ അവസ്ഥയല്ലെന്ന് കണ്ടെത്തി. സർവേയിൽ പങ്കെടുത്തവരിൽ 11% പേർ മാത്രമാണ് ഒരു കോണ്ടോ നിക്ഷേപമായി വാങ്ങുമെന്ന് പറഞ്ഞത്. 57% പേർ ഒരു കാരണവശാലും കോണ്ടോ വാങ്ങില്ലെന്ന് പറഞ്ഞു.

ഒരുകാലത്ത് വടക്കേ അമേരിക്കയിലെ ഏറ്റവും മികച്ച കോണ്ടോ വിപണികളിൽ ഒന്നായിരുന്ന ടൊറൻ്റോയിൽ തകർച്ച വളരെ രൂക്ഷമാണ്. ചില വിൽപ്പനക്കാർക്ക് കുറച്ച് വർഷങ്ങൾക്ക് മുമ്പ് വാങ്ങിയ കോണ്ടോയിൽ നഷ്ടം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കോവിഡ് മഹാമാരിയുടെ കൊടുമുടിയിൽ ആയിരിക്കുമ്പോൾ വാങ്ങിയതാണെങ്കിൽ അല്ലെങ്കിൽ നിർമ്മാണത്തിന് മുമ്പ് വാങ്ങിയതാണെങ്കിൽ, ആ കോണ്ടോ യൂണിറ്റുകളുടെ മൂല്യത്തിൽ നഷ്ടം സംഭവിച്ചിട്ടുണ്ട്, സാമ്പത്തിക വിദഗ്ധർ പറയുന്നു. ഇതിനൊപ്പം കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 2025 ജൂലൈയിൽ ഗ്രേറ്റർ ടൊറൻ്റോയിലും ഹാമിൽട്ടൺ മേഖലയിലും കോണ്ടോ വിൽപ്പന 69% ഇടിഞ്ഞതായുള്ള അർബനേഷന്‍റെ റിപ്പോർട്ട് കൂട്ടിവായിക്കേണ്ടതാണ്.