മിസ്സിസാഗ : നഗരത്തിൽ നടന്ന വാഹനമോഷണവുമായി ബന്ധപ്പെട്ട് രണ്ടു ഇന്ത്യൻ വംശജരെ അറസ്റ്റ് ചെയ്തതായി പീൽ റീജനൽ പൊലീസ് (പിആർപി). ജൂൺ 19 ന് മിസ്സിസാഗ മിനോള റോഡിലുള്ള ഒരു വീട്ടിലെ ഡ്രൈവ്‌വേയിൽ നിന്നും വാഹനഉടമസ്ഥനെ കത്തിയും തോക്കും കാട്ടി ഭീഷണിപ്പെടുത്തി 2023 മോഡൽ മെഴ്‌സിഡസ് ബെൻസ് മേബാക്ക് തട്ടിയെടുക്കുകയായിരുന്നു പ്രതികൾ.

തുടർന്ന് നടന്ന അന്വേഷണത്തിൽ 19 വയസ്സുള്ള ഏകാംവീർ രൺധാവയാണ് ആദ്യ പ്രതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ജൂലൈയിൽ ബ്രാംപ്ടണിലെ ഒരു വീട്ടിൽ നടത്തിയ റെയ്‌ഡിൽ ഇയാളെ അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 28 വ്യാഴാഴ്ച, ഓക്ക്‌വില്ലിൽ നിന്നുള്ള 20 വയസ്സുള്ള രണ്ടാമത്തെ പ്രതിയായ പാർത്ത് ശർമ്മയെ അറസ്റ്റ് ചെയ്തു. കവർച്ച, കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ വേഷംമാറി നടക്കുക, കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്ത് കൈവശം വയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരിക്കുന്നത്. മറ്റ് വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.