ടൊറോന്റോ: കനേഡിയന്‍ ഫിന്‍ടെക് കമ്പനിയായ വെല്‍ത്ത്സിംപിളിന് നേരെ നടന്ന സൈബര്‍ ആക്രമണത്തില്‍ ചില ക്ലയന്റുകളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നതായി സ്ഥിരീകരിച്ചു. സോഷ്യൽ ഇൻഷുറൻസ് നമ്പറുകൾ (SINs), സർക്കാർ തിരിച്ചറിയൽ രേഖകൾ, അക്കൗണ്ട് നമ്പറുകൾ, ഐ.പി. അഡ്രസുകൾ തുടങ്ങിയവയാണ് ചോർന്നത്. എന്നാൽ ക്ലയന്റുകളുടെ ഫണ്ടുകളോ നിക്ഷേപങ്ങളോ ഒന്നും നഷ്ടമായിട്ടില്ലെന്നും എല്ലാ അക്കൗണ്ടുകളും സുരക്ഷിതമാണെന്നും കമ്പനി വ്യക്തമാക്കി. ഈ വാരാന്ത്യത്തിലാണ് കമ്പനി സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തത്.

സൈബര്‍ ആക്രമണം സംഭവിച്ചതായി കണ്ടെത്തിയ ഉടന്‍ തന്നെ തങ്ങള്‍ നടപടികള്‍ സ്വീകരിച്ചതായും മണിക്കൂറുകള്‍ക്കുള്ളില്‍ പ്രശ്നം പരിഹരിച്ചതായും കമ്പനി അറിയിച്ചതായി റെഡ്ഡിറ്റില്‍ ചില ക്ലയ്ന്റുകള്‍ പങ്കുവെച്ച ഇമെയില്‍ പ്രസ്താവനയില്‍ പറഞ്ഞു. മൊത്തം 30 ലക്ഷം ക്ലയന്റുകളിൽ 1 ശതമാനത്തിൽ താഴെ ഉപഭോക്താക്കളുടെ സ്വകാര്യ ഡാറ്റയാണ് ചോർന്നതെന്ന് കമ്പനി പറയുന്നു.