ന്യൂഡല്‍ഹി: ആകാശവിസ്മയമായ പൂര്‍ണ ചന്ദ്രഗ്രഹണം ഇന്ന് രാജ്യത്ത് ദൂരദര്‍ശിനിയില്ലാതെ നേരിട്ടുകാണാനാകും. സൂര്യന്‍, ഭൂമി, ചന്ദ്രന്‍ എന്നിവ നേര്‍രേഖയില്‍ വരുന്ന പ്രതിഭാസം ഇന്ത്യയില്‍ എല്ലായിടത്തും ദൃശ്യമാകും. ഞായര്‍ രാത്രി ഏകദേശം 9.57ന് ആരംഭിക്കുന്ന ഭാഗിക ചന്ദ്രഗ്രഹണം 11ന് പൂര്‍ണഗ്രഹണമാകും. 1.25ന് ഗ്രഹണം പൂര്‍ണമായി അവസാനിക്കും.
ഈ സമയത്ത് ചന്ദ്രന്‍ ചുവപ്പോ ഓറഞ്ചോ നിറത്തിലാകും ദൃശ്യമാവുക. സൂര്യനില്‍നിന്നുള്ള പ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോള്‍ ഭൂമിയിലെ തരംഗദൈര്‍ഘ്യം കുറഞ്ഞ നിറങ്ങള്‍ മായുകയും തരംഗദൈര്‍ഘ്യം കൂടുതലുള്ള ഓറഞ്ച്, ചുവപ്പ് നിറങ്ങള്‍ ചന്ദ്രനില്‍ പതിക്കുകയും ചെയ്യുന്നതാണ് കാരണം.

ഇന്ത്യയടക്കം ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും ഓസ്ട്രേലിയയിലുമെല്ലാം ഗ്രഹണം ദൃശ്യമാകും. കേരളത്തില്‍ തെളിഞ്ഞ കാലാവസ്ഥയാണെങ്കില്‍ ഗ്രഹണം പൂര്‍ണമായി ആസ്വദിക്കാം. ഇന്ത്യന്‍ സമയം രാത്രി 8.58 ന് ഭൂമിയുടെ നിഴല്‍ ചന്ദ്രനുമേല്‍ വീണ് തുടങ്ങും. ഗ്രഹണം 5 മണിക്കൂറും 27 മിനിറ്റും നീണ്ടുനില്‍ക്കും. 2028 ഡിസംബര്‍ 31നാണ് ഇനി ഇന്ത്യയില്‍ പൂര്‍ണചന്ദ്രഗ്രഹണം കാണാനാകുക.