Monday, September 8, 2025

“ഗാസയിലെ ജനങ്ങളെ മറക്കരുത്”; TIFF വേദിയില്‍ ഇസ്രയേല്‍ സിനിമയുടെ പ്രദര്‍ശനത്തിനെതിരെ പ്രതിഷേധം

ടൊറന്റോ: വിരമിച്ച ഇസ്രയേല്‍ സൈനിക ജനറലിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയുടെ പ്രദര്‍ശനത്തിനെതിരെ ടൊറന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ (TIFF) വേദിയില്‍ പ്രതിഷേധം. ശനിയാഴ്ച നടന്ന സംഭവത്തില്‍ പ്രതിഷേധക്കാരും പോലീസും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി.

കിംഗ് സ്ട്രീറ്റ്, യൂണിവേഴ്സിറ്റി അവന്യൂ എന്നിവിടങ്ങളില്‍ കെഫിയ ധരിച്ചെത്തിയ പ്രതിഷേധക്കാര്‍ പലസ്തീന്‍ പതാകകള്‍ വീശി. മരിച്ച കുഞ്ഞുങ്ങളെ ഓര്‍മ്മിപ്പിക്കും വിധം വ്യാജരക്തം പുരട്ടിയ ചെറിയ പുതപ്പുകള്‍ TIFF ചിഹ്നത്തിനരികില്‍ വെച്ചുകൊണ്ടായിരുന്നു പ്രതിഷേധം. സമീപത്തുള്ള റോയ് തോംസണ്‍ ഹാളില്‍ ‘റൂഫ്മാന്‍’ എന്ന സിനിമയുടെ പ്രദര്‍ശനം ആരംഭിക്കുന്ന സമയത്താണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പോലീസ് പ്രതിഷേധക്കാരെ തടഞ്ഞുനിര്‍ത്തി.

2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തിനിടെ സ്വന്തം കുടുംബത്തെ രക്ഷിക്കാന്‍ ശ്രമിച്ച ഇസ്രായേല്‍ ഡിഫന്‍സ് ഫോഴ്സ് മേജര്‍ ജനറല്‍ നോം ടിബോണിന്റെ ദൗത്യം വിവരിക്കുന്ന ‘ദി റോഡ് ബിറ്റ്വീന്‍ അസ്: ദി അള്‍ട്ടിമേറ്റ് റെസ്‌ക്യൂ’ എന്ന സിനിമയ്ക്കെതിരെയാണ് തങ്ങള്‍ പ്രതിഷേധിക്കുന്നതെന്ന് പല പ്രതിഷേധക്കാരും പറഞ്ഞു. അതേസമയം, തങ്ങള്‍ രാഷ്ട്രീയ സിനിമ നിര്‍മ്മാതാക്കളോ സാമൂഹിക പ്രവര്‍ത്തകരോ അല്ലെന്നും കഥാകാരന്മാരാണെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പ്രതികരിച്ചു. സിനിമകള്‍ പ്രേക്ഷകരില്‍ സംവാദങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടിയുള്ളതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ, ഫൂട്ടേജ് അവകാശങ്ങളും സുരക്ഷാപ്രശ്‌നങ്ങളും കാരണം സിനിമ TIFF ലൈനപ്പില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍, പിന്നീട് രാഷ്ട്രീയ നേതാക്കളും ജൂത സംഘടനകളും ഉള്‍പ്പെടെയുള്ളവരുടെ കടുത്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് സിനിമ വീണ്ടും ഉള്‍പ്പെടുത്താന്‍ സംഘാടകര്‍ നിര്‍ബന്ധിതരായി.

ഗാസയിലെ തങ്ങളുടെ കുടുംബങ്ങള്‍ ഇപ്പോഴും ദുരിതത്തിലാണെന്നും കനേഡിയന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും പ്രതിഷേധത്തില്‍ പങ്കെടുത്ത പലസ്തീന്‍ സ്വദേശിയായ നജ്ല അല്‍സാനീന്‍ ആവശ്യപ്പെട്ടു. ഗാസയില്‍ നിലവിലുള്ള പ്രതിസന്ധിയില്‍ കാനഡ സര്‍ക്കാര്‍ തങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. അതേസമയം, ഏകദേശം 12 പ്രതിഷേധക്കാരാണ് സ്ഥലത്തുണ്ടായിരുന്നതെന്നും അവര്‍ സ്വമേധയാ പിരിഞ്ഞുപോയെന്നും പോലീസ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!