മെൽബൺ : ഓസ്ട്രേലിയയിലെ മെൽബണിൽ, പരുക്കേറ്റ കംഗാരുവിനെ സഹായിക്കാൻ ശ്രമിക്കുന്നതിനിടെ നേപ്പാൾ വംശജരായ രണ്ട് യുവ നഴ്സുമാർ വാഹനാപകടത്തിൽ മരിച്ചു. സരള ഖഡ്ക, അരുജ സുവാൾ എന്നിവരാണ് മരിച്ചത്. അരുജയുടെ 30-ാം ജന്മദിനം ആഘോഷിച്ച് മടങ്ങുന്ന വഴിയാണ് ഇവർ അപകടത്തിൽപ്പെട്ടത്.

റോഡരികിൽ പരുക്കേറ്റ നിലയിൽ കണ്ട കംഗാരുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ, മറ്റൊരു വാഹനം നിയന്ത്രണം വിട്ട് ഇവരെ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഒരു നഴ്സ് സംഭവസ്ഥലത്തും മറ്റേയാൾ ആശുപത്രിയിലും വെച്ച് മരണപ്പെട്ടു. റോഡിൽ പരുക്കേറ്റ മൃഗങ്ങളെ കണ്ടാൽ രക്ഷാപ്രവർത്തനത്തിനായി വന്യജീവി രക്ഷാ സംഘടനകളെ ബന്ധപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു.