ന്യൂഡല്‍ഹി: തീരുവയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്രംപുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയും യുഎസും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
ഇന്ത്യ-യുഎസ് പങ്കാളിത്തത്തിന്റെ പരിധിയില്ലാത്ത സാധ്യതകള്‍ തുറക്കുന്നതിന് വ്യാപാര ചര്‍ച്ചകള്‍ വഴിയൊരുക്കുമെന്ന് ഉറപ്പുണ്ടെന്നും പ്രധാനമന്ത്രി. ചര്‍ച്ചകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ഇരുപക്ഷവും പ്രവര്‍ത്തിക്കുന്നു. രണ്ട് രാജ്യങ്ങള്‍ക്കും കൂടുതല്‍ തിളക്കമാര്‍ന്നതും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
വ്യാപാര കരാറിലെ തടസങ്ങള്‍ പരിഹരിക്കുന്നതിന് ഇന്ത്യയുമായി ചര്‍ച്ചകള്‍ തുടരുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് അറിയിച്ചത്. എന്റെ പ്രിയ സുഹൃത്ത് നരേന്ദ്ര മോദിയുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നു. ഇരുരാജ്യങ്ങള്‍ക്കും ധാരണയിലെത്താന്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നും ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

അതേസമയം റഷ്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍, ഇന്ത്യയ്ക്കും ചൈനയ്ക്കും മേല്‍ 100 ശതമാനം വരെ താരിഫ് ചുമത്തണമെന്ന് ഡോണള്‍ഡ് ട്രംപ് യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെട്ടു. എങ്ങനെയും റഷ്യയെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള തന്റെ ശ്രമങ്ങളുമായി സഹകരിപ്പിക്കുക എന്ന നിലപാടിലാണ് യുഎസ് പ്രസിഡന്റ് ട്രംപ്.