ദോഹ: ദോഹയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഖത്തര്‍ ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയയിലെ ഓഫിസറും ഹമാസ് അംഗങ്ങളും ഉള്‍പ്പെടെ 6 പേര് കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ സാധാരണക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. പരുക്കേറ്റവര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്.
ഡ്യൂട്ടിയിലായിരുന്ന വാറന്റ് കോര്‍പ്പറല്‍ ബാദര്‍ സാദ് മുഹമ്മദ് അല്‍ ഹുമൈദി അല്‍ ദോസരിയാണ് കൊല്ലപ്പെട്ട ലഖ്വിയ ഓഫിസര്‍. ഹമാസിന്റെ ഗാസയിലെ മുന്‍ തലവന്‍ ഖലീല്‍ അല്‍ ഹയ്യയുടെ മകന് ഹമ്മാം ഖലീല്‍ അല്‍ ഹയ്യയും ഹമാസിന്റെ നാല് നെഗോഷ്യേറ്റര്‍മാരുമാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍. ഇസ്രയേലിന്റെ ആക്രമണം രാജ്യാന്തര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഖത്തര്‍ ആരോപിച്ചു. ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചകളെ ആക്രമണം പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

തങ്ങളുടെ പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഖത്തര്‍ അറിയിച്ചു. ഇസ്രയേലിന്റെ ആക്രമണത്തില്‍ ഫ്രാന്‍സ്, ബ്രിട്ടന്, ജര്‍മനി, തുര്‍ക്കി, യുഎഇ, സൗദി, ഈജിപ്ത്, ഇറാഖ്, കുവൈത്ത്, പാക്കിസ്ഥാന് തുടങ്ങിയ രാജ്യങ്ങള്‍ പ്രതിഷേധം അറിയിച്ചു. യുഎന്‍ സെക്രട്ടറി ജനറലും ഈ ആക്രമണത്തെ അപലപിച്ചു.