കൊച്ചി: യുവ ഡോക്ടര്‍ നല്‍കിയ ബലാത്സംഗ പരാതിയില്‍ റാപ്പര്‍ വേടന്‍ അറസ്റ്റില്‍. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ്. വൈദ്യപരിശോധനയ്ക്ക് ശേഷം ജാമ്യത്തില്‍ വിട്ടയക്കും.
ബലാത്സംഗ പരാതിയില്‍ ചോദ്യം ചെയ്യലിനായി റാപ്പര്‍ വേടന്‍ ഇന്നും പോലീസിന് മുന്നില്‍ ഹാജരായിരുന്നു. തൃക്കാക്കര പോലീസ് സ്റ്റേഷനിലാണ് ഹാജരായത്. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് വേടന്‍ ഇന്നലെയും ഹാജരായിരുന്നു. പൊലീസ് ശേഖരിച്ച തെളിവുകള്‍ നിരത്തിയായിരുന്നു ഇന്നലെ വേടനെ ആറുമണിക്കൂറോളം പൊലീസ് ചോദ്യം ചെയ്തത്.

വേടന്‍ അന്വേഷണസംഘത്തോടെ സഹകരിക്കുന്നതായി പോലീസ് വ്യക്തമാക്കിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബലാത്സംഗം ചെയ്തു എന്നാണ് വേടന് എതിരായ കേസ്. എന്നാല്‍, ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിക്കും തനിക്കും ഇടയില്‍ ഉണ്ടായിരുന്നതെന്നാണ് പൊലീസിന് കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലില്‍ വേടന്‍ നല്‍കിയ മൊഴി. മറ്റൊരു യുവതിയുടെ പരാതിയില്‍ കൊച്ചി സെന്‍ട്രല്‍ പൊലീസും വേടനെതിരെ കേസെടുത്തിരുന്നെങ്കിലും ഈ കേസിലും സെഷന്‍സ് കോടതി കഴിഞ്ഞദിവസം വേടന് ജാമ്യം അനുവദിച്ചിരുന്നു.