മൺട്രിയോൾ : മന്ത്രിസഭയിൽ അഴിച്ചുപണികൾ വരുത്താനൊരുങ്ങി കെബെക്ക് പ്രീമിയർ ഫ്രാൻസ്വാ ലെഗോൾട്ട്. അടുത്ത പ്രൊവിൻഷ്യൽ തിരഞ്ഞെടുപ്പ് ഒരു വർഷത്തിനുള്ളിൽ നടക്കാനിരിക്കെ, പാർട്ടിയുടെ കുറഞ്ഞുവരുന്ന ജനപ്രീതി തിരിച്ചുപിടിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി രണ്ടാഴ്ചത്തേക്ക് നിയമസഭാ സമ്മേളനം നീട്ടിവെച്ചു. പൊതു സുരക്ഷാ മന്ത്രി ഫ്രാൻസ്വാ ബോണാർഡൽ അടക്കം ചില പ്രധാന മന്ത്രിമാർക്ക് സ്ഥാനം നഷ്ടമാവുമെന്നാണ് സൂചന. ഓട്ടോ ഇൻഷുറൻസ് പദ്ധതിയിലെ സാമ്പത്തിക ക്രമക്കേടുകൾ, നോർത്ത്‌വോൾട്ട് ബാറ്ററി പ്ലാന്റ് പദ്ധതിയുടെ പരാജയം എന്നിവ ലെഗോൾട്ട് സർക്കാരിന് വലിയ തിരിച്ചടികളായിരുന്നു.

അടുത്തിടെ നടന്ന അഭിപ്രായ വോട്ടെടുപ്പുകളിൽ പാർട്ടിക്ക് ജനപ്രീതി നഷ്ടമായതായി കണ്ടെത്തി. ഈ സാഹചര്യത്തിൽ പുതിയ മന്ത്രിമാർക്ക് തങ്ങളുടെ ചുമതലകൾ പഠിക്കാൻ സമയം നൽകാനും, സർക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുമാണ് അഴിച്ചുപണിയിലൂടെ ലക്ഷ്യമിടുന്നത്. കൃഷി, കുടുംബ കാര്യ മന്ത്രിമാരായ ആന്ദ്രേ ലാമോണ്ടെഗ്നെ, സൂസൻ റോയ് എന്നിവരും മന്ത്രിസഭയിൽ നിന്ന് ഒഴിവാകുമെന്ന് അറിയിച്ചിട്ടുണ്ട്.