ടൊറൻ്റോ : വാരാന്ത്യത്തിൽ ടൊറൻ്റോയിൽ നടക്കുന്ന ഒൻ്റാരിയോ ലിബറൽ പാർട്ടിയുടെ വാർഷിക പൊതുയോഗത്തിൽ ലീഡർ ബോണി ക്രോംബിയുടെ ഭാവി നിശ്ചയിക്കും. സെപ്റ്റംബർ 12 മുതൽ 14 വരെ നടക്കുന്ന പാർട്ടിയുടെ വാർഷിക പൊതുയോഗത്തിൽ ലിബറൽ പാർട്ടി അംഗങ്ങൾ പുതിയ നേതൃത്വ കൺവെൻഷൻ നടത്തണോ വേണ്ടയോ എന്നതിൽ വോട്ട് ചെയ്യും. ശനിയാഴ്ച ക്രോംബി പ്രതിനിധികളെ അഭിസംബോധന ചെയ്യും. തുടർന്ന് നേതൃത്വ വോട്ടെടുപ്പിന്‍റെ ഫലങ്ങൾ ഞായറാഴ്ച വൈകുന്നേരം പുറത്തുവിടുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം പാർട്ടി അംഗങ്ങളിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും ലീഡറായി തുടരാനാണ് പദ്ധതിയെന്നും ക്രോംബി പറയുന്നു. നിയമസഭയിൽ വീണ്ടും ഒരു സീറ്റ് നേടാൻ ശ്രമിക്കുമെന്നും എന്നാൽ ഇതിനായി ഒരു കോക്കസ് അംഗത്തോടും മാറി നിൽക്കാൻ ആവശ്യപ്പെടില്ലെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. സാങ്കേതികമായി, ഒൻ്റാരിയോ ലിബറൽ പാർട്ടി ലീഡറായി തുടരാൻ ക്രോംബിക്ക് 50% പാർട്ടി അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. എന്നാൽ പാർട്ടി നേതൃത്വത്തിൽ എത്താൻ മൂന്നിൽ രണ്ടു പാർട്ടി അംഗങ്ങളുടെ പിന്തുണ വേണമെന്ന് 2023 ലെ നേതൃത്വ മത്സരത്തിൽ ക്രോംബിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയ ലിബറൽ എംപി നേറ്റ് എർസ്‌കൈൻ-സ്മിത്ത് ആവശ്യപ്പെട്ടിരുന്നു. പ്രതിനിധികൾ ഒരു മാറ്റം ആഗ്രഹിച്ചാൽ പാർട്ടി നേതൃത്വത്തിലേക്ക് വീണ്ടും മത്സരിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലെ പ്രവിശ്യാ തിരഞ്ഞെടുപ്പിൽ മിസ്സിസാഗ ഈസ്റ്റ്-കുക്‌സ്‌വിൽ റൈഡിങ്ങിൽ വിജയിക്കാൻ ക്രോംബിക്ക് കഴിഞ്ഞില്ലെങ്കിലും, പാർട്ടി നേതാവായി തുടരുന്നതിന് മാർച്ചിൽ പാർട്ടിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ ഏകകണ്ഠമായി വോട്ട് ചെയ്തിരുന്നു. അതേസമയം പ്രവിശ്യാ തിരഞ്ഞെടുപ്പിൽ ഏഴ് വർഷത്തിനിടെ ആദ്യമായി ലിബറലുകൾ 14 സീറ്റുകൾ നേടി ഔദ്യോഗിക പാർട്ടി പദവി വീണ്ടെടുത്തിരുന്നു.