ദോഹ: ഖത്തര്‍ ആക്രമണത്തില്‍ ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ സ്ഥിരീകരണം. ഓപ്പറേഷന് പരാജയപ്പെട്ടുവെന്ന് വിലയിരുത്തല്‍. എന്നാല്‍ ഒന്നോ രണ്ടോ ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും ഇസ്രയേല്‍ വ്യക്തമാക്കുന്നുണ്ട്. ആക്രമണത്തിന് തൊട്ടുമുമ്പ് ഹമാസ് നേതാക്കള്‍ കെട്ടിടത്തിന്റെ മറ്റൊരു ഭാഗത്തേക്ക് മാറിയിരിക്കാമെന്നാണ് നിഗമനം. സ്ഫോടനത്തിനുപയോഗിച്ച സ്ഫോടകവസ്തുക്കളുടെ അളവ് കുറഞ്ഞുപോയതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.
പലസ്തീന് രാജ്യം സാധ്യമാകില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രഖ്യാപിച്ചു. എന്നാല്‍, ഹമാസിനെ പൂര്‍ണമായും ഉന്മൂലനം ചെയ്യാന്‍ എന്നും സന്നദ്ധരാണ്. അതാണ് ലക്ഷ്യം എന്ന് ഇസ്രയേല്‍ ആവര്‍ത്തിക്കുന്നുണ്ട്.

അതേസമയം, ഇസ്രായേലിന്റെ ആക്രമണത്തിനു പിന്നാലെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിനായി അറബ് രാജ്യങ്ങളുടെ ഉച്ചകോടി ഖത്തറില്‍ ആരംഭിക്കും. ഈ ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണ് ഉച്ചകോടി നടക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖത്തര്‍ ഈ ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച ഇസ്രായേലിനെ എങ്ങനെ നേരിടണം എന്നതിനെക്കുറിച്ച് ദോഹയില്‍ ചേരുന്ന അറബ് നേതാക്കള്‍ ചര്‍ച്ച ചെയ്യും. ഗള്‍ഫ് മേഖല അപകടത്തിലാണെന്നും ഇസ്രായേല്‍ ആക്രമണത്തിനെതിരെ കൂട്ടായ പ്രതികരണം ആവശ്യമാണെന്നും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍ താനി വ്യക്തമാക്കിയിരുന്നു.