Thursday, October 16, 2025

ഇസ്രയേലിനെതിരെ ഒന്നിച്ചു നീങ്ങും; അറബ് -ഇസ്ലാമിക് ഉച്ചകോടിയില്‍ ആഹ്വാനം

ഇസ്രയേലിന്റെ ആക്രമണത്തിന് പിന്നാലെ ഖത്തറിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അറബ്-ഇസ്ലാമിക് ഉച്ചകോടി സമാപിച്ചു. ഇസ്രയേലിനെതിരെ ഒന്നിച്ചു നില്‍ക്കാന്‍ ഉച്ചകോടിയില്‍ പങ്കെടുത്ത നേതാക്കള്‍ ആഹ്വാനം ചെയ്തു. മധ്യസ്ഥ രാജ്യത്തെ ആക്രമിക്കുന്നത് സമാധാന ശ്രമങ്ങള്‍ക്ക് വിഘാതമുണ്ടാക്കുമെന്ന് നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇസ്രയേല്‍ നടത്തുന്ന അന്താരാഷ്ട്ര നിയമലംഘനങ്ങള്‍ എണ്ണമിട്ട് നിരത്തി, ഇതില്‍ നടപടി ആവശ്യപ്പെടുന്ന പ്രമേയം ഉച്ചകോടി പാസാക്കി. ഇസ്രയേലിനെതിരെ ഒരുമിച്ച് പോരാടാന്‍ പ്രമേയം ആഹ്വാനം ചെയ്തു. ഇസ്രയേലുമായുള്ള സാമ്പത്തിക, നയതന്ത്ര ബന്ധങ്ങള്‍ പുനഃപരിശോധിക്കാന്‍ അംഗരാജ്യങ്ങളോട് പ്രമേയം ആവശ്യപ്പെട്ടു.

പലസ്തീന്‍ പ്രശ്‌നം പരിഹരിക്കാതെ പശ്ചിമേഷ്യയില്‍ സമാധാനം സാധ്യമല്ലെന്ന് പ്രമേയം ഊന്നിപ്പറഞ്ഞു. പലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ അവഗണിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ കഴിയില്ല. ദ്വിരാഷ്ട്ര പദ്ധതി മാത്രമാണ് പലസ്തീന്‍ പ്രശ്‌നത്തിന് ഏക ശാശ്വത പരിഹാരമെന്നും പ്രമേയത്തില്‍ പറയുന്നു.

ജിസിസി കൗണ്‍സില്‍ പ്രതിരോധ കൗണ്‍സില്‍ വിളിച്ചുചേര്‍ക്കാനും ഉച്ചകോടിയില്‍ തീരുമാനമായി. ഇറാന്‍ പ്രസിഡന്റ് നേരിട്ട് പങ്കെടുത്തത് ശ്രദ്ധേയമായിരുന്നു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇറാന്‍, സിറിയന്‍ പ്രസിഡന്റുമാരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. അറബ്-ഇസ്ലാമിക് ലോകത്തെ ഏതെങ്കിലും ഒരു രാജ്യത്തിന് നേരെ ആക്രമണമുണ്ടായാല്‍ അത് കൂട്ടായ്മയിലെ എല്ലാ രാജ്യങ്ങള്‍ക്കും നേരെയുള്ള ആക്രമണമായി കണക്കാക്കാന്‍ നിര്‍ദ്ദേശമുയര്‍ന്നു. ഇത് അബ്രഹാം കരാറിനെപ്പോലും ബാധിക്കുമെന്ന് മുന്നറിയിപ്പും നല്‍കി.

പ്രതിരോധ രംഗത്ത് ഉള്‍പ്പെടെ ഒന്നിച്ച് നിന്ന് ചെറുക്കാനും ജിസിസി കൂട്ടായ്മ തീരുമാനിച്ചു. ഉച്ചകോടിക്ക് പിന്നാലെ ഇന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഖത്തറിലെത്തും. ഖത്തറിന് പിന്തുണ അറിയിച്ചേക്കും. ഇസ്രയേല്‍ സന്ദര്‍ശനത്തിന് ശേഷമാണ് മാര്‍ക്കോ റൂബിയോ ഖത്തറിലെത്തുന്നത്. എന്താകും ഖത്തര്‍ നേതാക്കളുടെ മുന്നില്‍ വെച്ചെടുക്കുന്ന പരസ്യ നിലപാടെന്നതും ശ്രദ്ധേയമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!