ടൊറൻ്റോ : ചൈനീസ് നിർമ്മിത ഇലക്ട്രിക് വാഹനങ്ങൾക്ക് 100% താരിഫ് നിലനിർത്തണമെന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് പ്രധാനമന്ത്രി മാർക്ക് കാർണിയോട് ആവശ്യപ്പെട്ടു. ഫെഡറൽ സർക്കാർ ചൈനക്കെതിരെയുള്ള താരിഫ് നടപടികൾ പുനഃപരിശോധിക്കാൻ പദ്ധതിയിടുന്നതിനിടെയാണ് ഈ നീക്കം. കൃഷി മന്ത്രി ഹീത്ത് മക്ഡോണൾഡ് താരിഫ് നയം പരിശോധിക്കുകയാണെന്ന് വ്യക്തമാക്കിയിരുന്നു. 2020 മുതൽ നടത്തിയ ഓട്ടോമോട്ടീവ്, ഇലക്ട്രിക് വാഹനങ്ങൾ, ബാറ്ററി വിതരണ ശൃംഖലയിലെ 4600 കോടി ഡോളറിലധികം നിക്ഷേപങ്ങൾ സംരക്ഷിക്കുന്നതിന് താരിഫ് നിർണായകമാണെന്ന് ഫോർഡ് പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ വിശദീകരിക്കുന്നു. ചൈനക്കെതിരെയുള്ള താരിഫ് എടുത്തു കളഞ്ഞാൽ ഒൻ്റാരിയോയിൽ ഒരുലക്ഷത്തി അമ്പതിനായിരത്തിലധികം നേരിട്ടുള്ള ജോലികളും രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് പരോക്ഷ ജോലികളും ഇല്ലാതാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

കനോല പോലുള്ള ആഭ്യന്തര വിളകൾക്കുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചാൽ ചൈനക്കെതിരെയുള്ള താരിഫ് നീക്കം ചെയ്യുന്നതിനെ പിന്തുണയ്ക്കുന്നതായി കനേഡിയൻ പൗരന്മാർ നാനോസ് റിസർച്ച് സർവേയിൽ പ്രതികരിച്ചിരുന്നു. അതേസമയം, കാനഡയിലെ ഇലക്ട്രിക് വാഹന വിൽപ്പന 39.2 ശതമാനമായി കുറഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ ഡാറ്റ കാണിക്കുന്നു. ഇത് കാർണിയുടെ പദ്ധതികൾ മാറ്റുന്നതിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.