ഓട്ടവ : വിദ്വേഷപ്രേരിത കുറ്റകൃത്യത്തെ ഒരു പ്രത്യേക കുറ്റകൃത്യമാക്കാൻ ലക്ഷ്യമിട്ട് പുതിയ നിയമനിർമ്മാണം അവതരിപ്പിച്ച് ഫെഡറൽ ജസ്റ്റിസ് മന്ത്രി ഷോൺ ഫ്രേസർ. നാസി സ്വസ്തിക പോലുള്ള വിദ്വേഷകരമായ ചിഹ്നങ്ങളുടെ പ്രചാരണം നിയമവിരുദ്ധമാക്കുന്നതിനും, മതസ്ഥാപനങ്ങളെ ഭീഷണികളിൽ നിന്നു സംരക്ഷിക്കുന്നതിനും ഇത് സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാർലമെൻ്റിന്‍റെ ശരത്കാല സമ്മേളനത്തിൽ കാനഡയുടെ അറ്റോർണി ജനറലിന്‍റെ ആദ്യത്തെ പ്രധാന നിയമനിർമ്മാണ നീക്കമാണ് ദീർഘകാലമായി വാഗ്ദാനം ചെയ്യപ്പെട്ട വിദ്വേഷ കുറ്റകൃത്യ ബിൽ. മതപരമായ കെട്ടിടങ്ങളിലേക്കോ ആരാധനാലയങ്ങളിലേക്കോ പ്രവേശിക്കുന്നതിൽ നിന്നും ആളുകളെ മനഃപൂർവ്വം തടയുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് പ്രത്യേക കുറ്റകൃത്യമായി പരിഗണിക്കും. പൊതുസ്ഥലത്ത് ചില വിദ്വേഷകരമായ ചിഹ്നങ്ങൾ പ്രദർശിപ്പിച്ച് വിദ്വേഷം മനഃപൂർവ്വം പ്രോത്സാഹിപ്പിക്കുന്നതും ബിൽ നിയമവിരുദ്ധമാക്കും.

കനേഡിയൻ പൗരന്മാർക്ക് നിറത്തിന്‍റെയോ വംശത്തിന്‍റെയോ അവർ സ്നേഹിക്കുന്ന വ്യക്തിയെയോ പരിഗണിക്കാതെ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമാണ് പുതിയ ബില്ലിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് മന്ത്രി പറയുന്നു. വർധിച്ചു വരുന്ന ആൻ്റിസെമിറ്റിസം, ഇസ്ലാമോഫോബിയ, ഹോമോഫോബിയ, ട്രാൻസ്ഫോബിയ എന്നിവ നിരവധി ആളുകളെ സ്വന്തം സമൂഹങ്ങളിൽ സുരക്ഷിതരല്ലെന്ന് തോന്നിപ്പിക്കുന്നു. ഇതിനൊരു അറുതി വരുത്തുകയാണ് വിദ്വേഷ കുറ്റകൃത്യ ബിൽ ലക്ഷ്യമിടുന്നത്.