ഓട്ടവ : വർധിച്ചു വരുന്ന ജീവിതച്ചെലവ് കാരണം മിക്ക കനേഡിയൻ പൗരന്മാരും പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുന്നതായി റസ്റ്ററന്‍റസ് കാനഡ റിപ്പോർട്ട്. നാലിൽ മൂന്ന് കനേഡിയൻ പൗരന്മാരും (75 ശതമാനം) പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നത് കുറവാണ്. കൂടാതെ 18 നും 34 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരായ കാനഡക്കാരിൽ 81% പേരും പുറത്തെ ഭക്ഷണം ഒഴിവാക്കിയതായി റസ്റ്ററന്‍റസ് കാനഡയുടെ 2025 ലെ ഫുഡ് സർവീസ് ഫാക്റ്റ്സ് റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്ഥിതിഗതികൾ അൽപ്പം മെച്ചപ്പെട്ടിട്ടുണ്ടെന്ന് റസ്റ്ററന്‍റസ് കാനഡ പ്രസിഡന്റും സിഇഒയുമായ കെല്ലി ഹിഗ്ഗിൻസൺ പറയുന്നു. മില്ലേനിയലുകളിൽ പകുതിയിലധികം (51 ശതമാനം) പേർ ആഴ്ചയിൽ ഒരിക്കലെങ്കിലും റസ്റ്ററൻ്റിൽ നിന്നും ഭക്ഷണം കഴിക്കുന്നു. അതേസമയം ജനറൽ ഇസഡ് കനേഡിയൻ പൗരന്മാരിൽ 47% പേരും പുറത്തുനിന്നും ഭക്ഷണം കഴിക്കുന്നുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഫെഡറൽ സർക്കാരിന്‍റെ ഓഫീസിലേക്ക് മടങ്ങാനുള്ള ഉത്തരവുകൾ കാരണം ക്വിക്ക്-സർവീസ് റസ്റ്ററൻ്റുകളിലെ ഉച്ചഭക്ഷണ സമയത്തെ തിരക്ക് 7.6% വർധിച്ചതായി റസ്റ്ററന്‍റസ് കാനഡ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, കഴിഞ്ഞ ആറ് മാസത്തിനിടെ 64% കനേഡിയൻ പൗരന്മാർ ഭക്ഷണം ഓർഡർ ചെയ്തതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. ബേബി ബൂമറുകളുമായി (49 ശതമാനം) താരതമ്യപ്പെടുത്തുമ്പോൾ ഇതിൽ മുന്നിൽ ജനറൽ ഇസഡ് (79 ശതമാനം) ആണ്. എന്നാൽ, കാനഡക്കാരുടെ മദ്യപാനശീലവും കുറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ മദ്യപിക്കുന്നവരുടെ എണ്ണം 41% കുറഞ്ഞതായി റസ്റ്ററന്‍റസ് കാനഡ റിപ്പോർട്ട് ചെയ്തു.