ഓട്ടവ : കാനഡയിലെ ജനസംഖ്യാ വളർച്ച രണ്ടാം പാദത്തിൽ മന്ദഗതിയിലായതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ റിപ്പോർട്ട്. ഏപ്രിൽ ഒന്ന് മുതൽ ജൂലൈ ഒന്ന് വരെ രാജ്യത്തെ ജനസംഖ്യ വെറും 0.1 ശതമാനം മാത്രമാണ് വർധിച്ചത്. 47,098 പേരാണ് ഈ കാലയളവിൽ പുതിയതായി കനേഡിയൻ ജനസംഖ്യയിൽ ഉൾപ്പെട്ടത്. 2024-ൽ ഫെഡറൽ സർക്കാർ നടപ്പാക്കിയ താൽക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുക, കുറഞ്ഞ വേതനത്തിലുള്ള തൊഴിലാളികളുടെ നിയമനം നിയന്ത്രിക്കുക, സ്റ്റഡി പെർമിറ്റ് അനുവദിക്കുന്നത് കുറയ്ക്കുക തുടങ്ങിയ ഇമ്മിഗ്രേഷൻ നയത്തിലെ കർശന നിയന്ത്രണങ്ങളാണ് ജനസംഖ്യാ ഇടിവിന് പ്രധാന കാരണം.

1946 മുതൽ രണ്ടാമത്തെ പാദത്തിൽ രേഖപ്പെടുത്തിയ ഏറ്റവും താഴ്ന്ന വളർച്ചാ നിരക്കാണിത്. ജനസംഖ്യാ വർധന മന്ദഗതിയിൽ എത്തിയതിന് പ്രധാന കാരണം താൽക്കാലിക താമസക്കാർ രാജ്യത്ത് നിന്ന് വലിയ തോതിൽ പുറത്ത് പോയതാണ്. രണ്ടാം പാദത്തിൽ മാത്രം 58,719 പേർ കാനഡ വിട്ടു. 1971 മുതൽ കോവിഡ് മഹാമാരിക്കാലം ഒഴികെ, രേഖപ്പെടുത്തിയ ഏറ്റവും വലിയ ത്രൈമാസ ഇടിവാണിത്.