ഓട്ടവ : പൊള്ളലേൽക്കാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കാനഡയിലും യുഎസിലും ഏകദേശം 14 ലക്ഷം ടോസ്റ്റർ ഓവനുകൾ തിരിച്ചു വിളിച്ചു. മെറ്റൽ ഹാൻഡിലുകളും സ്പ്രിങ്-ലോഡഡ് ഗ്ലാസ് ഡോറുകളുമുള്ള ഓസ്റ്റർ ഫ്രഞ്ച് ഡോർ ടോസ്റ്റർ കൗണ്ടർടോപ്പ് ഓവനുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. 2015 ജനുവരി മുതൽ 2025 ജൂലൈ വരെ കാനഡയിൽ 104,195 യൂണിറ്റുകളും യുഎസിൽ 1,290,000 യൂണിറ്റുകളും വിറ്റിട്ടുണ്ട്. TSSTTVFDXL, TSSTTVFDDGDS, TSSTTVFDXLPP-033, TSSTTVFDDAF-033 എന്നീ നമ്പറുകളുള്ള ടോസ്റ്റർ ഓവന്റെ നാല് വ്യത്യസ്ത മോഡലുകളാണ് തിരിച്ചുവിളിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഓവന്‍റെ വാതിലുകൾ അപ്രതീക്ഷിതമായി അടയുകയും ഇത് ഉപഭോക്താക്കൾക്ക് പൊള്ളലേൾക്കാൻ സാധ്യതയുണ്ടെന്നും ഹെൽത്ത് കാനഡ പറയുന്നു. ഇവ ഉപയോഗിക്കുന്നത് ഉടൻ നിർത്തണമെന്നും സൗജന്യ റിപ്പയർ കിറ്റിനായി കമ്പനിയുമായി ബന്ധപ്പെടണമെന്നും ഏജൻസി അഭ്യർത്ഥിച്ചു. ഓസ്റ്റർ ഫ്രഞ്ച് ഡോർ ടോസ്റ്റർ കൗണ്ടർടോപ്പ് ഓവനുകളുമായി ബന്ധപ്പെട്ട് കാനഡയിൽ പരുക്കുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ, യുഎസിൽ കുറഞ്ഞത് 95 പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് recall.oster.com എന്ന വെബ്‌സൈറ്റിലൂടെയോ 1-800-667-8623 എന്ന നമ്പറിലൂടെയോ കമ്പനിയുമായി ബന്ധപ്പെടണമെന്ന് ഹെൽത്ത് കാനഡ നിർദ്ദേശിച്ചു.
