ഓട്ടവ : ജീവനക്കാർക്കെതിരെയുള്ള ഫെഡറൽ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി പണിമുടക്ക് ആരംഭിച്ചതായി കാനഡ പോസ്റ്റ് വർക്കേഴ്‌സ് യൂണിയൻ (CUPW) പ്രഖ്യാപിച്ചു. മെയിൽ ഡെലിവറി കുറയ്ക്കുകയും ചില പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടുകയും ചെയ്യുമെന്ന ഫെഡറൽ സർക്കാർ തീരുമാനത്തെ തുടർന്നാണ് കാനഡ പോസ്റ്റിലെ എല്ലാ (കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്‌സ്) അംഗങ്ങളും 24 മണിക്കൂറിനുള്ളിൽ രാജ്യവ്യാപക പണിമുടക്ക് ആരംഭിക്കുന്നതെന്ന് CUPW വക്താവ് അറിയിച്ചു.

നാല് അറ്റ്ലാൻ്റിക് പ്രവിശ്യകളിലെ ജീവനക്കാർ ഇതിനോടകം പണിമുടക്ക് ആരംഭിച്ചിട്ടുണ്ട്. മറ്റ് പ്രവിശ്യകളിൽ ജീവനക്കാർ ഉടൻ തന്നെ പണിമുടക്കുമെന്നും CUPW നെഗോഷ്യേറ്റർ ജിം ഗാലൻ്റ് പറഞ്ഞു. നാളെയോടെ എല്ലാ ജീവനക്കാരും സമരത്തിലായിരിക്കും, അദ്ദേഹം വ്യക്തമാക്കി. ജീവനക്കാർക്ക് പണിമുടക്കാൻ താല്പര്യമില്ലെങ്കിലും മന്ത്രി സ്വീകരിച്ച നിലപാട് രാജ്യവ്യാപക സമരം ആരംഭിക്കുന്നതിലേക്ക് നയിച്ചതായി ജിം പറയുന്നു.