ഓട്ടവ : രാജ്യത്തെ താത്കാലിക വിദേശ തൊഴിലാളി പ്രോഗ്രാം പൂർണ്ണമായി പുനഃപരിശോധിക്കണമെന്ന് കനേഡിയൻ ചേംബർ ഓഫ് കൊമേഴ്‌സ്. നിലവിൽ കാനഡയിലെ ഇമിഗ്രേഷൻ സംവിധാനം പ്രതിസന്ധിയിലാണെന്നും ചേംബർ ഓഫ് കൊമേഴ്‌സ് മുന്നറിയിപ്പ് നൽകി. താത്കാലിക വിദേശ തൊഴിലാളി പ്രോഗ്രാം അവസാനിപ്പിക്കണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിർദ്ദേശവുമായി ചേംബർ ഓഫ് കൊമേഴ്‌സ് രംഗത്ത് എത്തിയിരിക്കുന്നത്. അതേസമയം കൃഷി, നിർമാണം, ഭക്ഷ്യസംസ്കരണം തുടങ്ങിയ മേഖലകളിൽ സ്ഥിരമായ തൊഴിലാളി ക്ഷാമം നേരിടുന്നുണ്ടെന്നും ചേംബർ ചൂണ്ടിക്കാട്ടി.

അതേസമയം ഉയരുന്ന യുവാക്കളുടെ തൊഴിലില്ലായ്മ നിരക്കും താൽക്കാലിക വിദേശ തൊഴിലാളി പ്രോഗ്രാമും തമ്മിൽ കാര്യമായ ബന്ധമില്ലെന്ന് ചേംബർ ഓഫ് കൊമേഴ്‌സ് സീനിയർ ഡയറക്ടർ ഡയാന പാൽമെറിൻ-വെലാസ്കോ പറയുന്നു. എന്നാൽ, ഇമിഗ്രേഷൻ സംവിധാനം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നും അവർ കൂട്ടിച്ചേർത്തു. 15 മുതൽ 24 വയസ്സു വരെ പ്രായമുള്ള മിക്ക ചെറുപ്പക്കാരും താൽക്കാലിക തൊഴിലാളികൾ സ്വീകരിക്കുന്ന ജോലികൾ ഏറ്റെടുക്കാൻ തയ്യാറല്ല. ഇത്തരം ജോലികൾ കൂടുതലും ഗ്രാമപ്രദേശങ്ങളിലാണെന്നുള്ളതാണ് ചെറുപ്പക്കാരെ പിന്തിരിപ്പിക്കുന്നതെന്നും ഡയാന പാൽമെറിൻ-വെലാസ്കോ വ്യക്തമാക്കി.