എഡ്മിന്‍റൻ : തുടർച്ചയായ മൂന്നാം വർഷവും പുതിയ പ്രവിശ്യയെ സ്വന്തം നാടായി കാണാൻ ആഗ്രഹിക്കുന്ന കനേഡിയൻ പൗരന്മാരുടെ പ്രിയപ്പെട്ട പ്രവിശ്യയായി ആൽബർട്ട സ്ഥാനം പിടിച്ചു. മൊത്തം അന്തർ പ്രവിശ്യാ താമസക്കാരുടെ എണ്ണത്തിൽ ആൽബർട്ടയാണ് ഒന്നാം സ്ഥാനത്ത് എത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ മുതൽ ജൂൺ വരെ 6,187 അന്തർ പ്രവിശ്യാ കുടിയേറ്റക്കാരെ പ്രവിശ്യാ ജനസംഖ്യയിൽ കൂട്ടിച്ചേർത്തതായി ഫെഡറൽ ഏജൻസി അറിയിച്ചു. ഒൻ്റാരിയോ, ബ്രിട്ടിഷ് കൊളംബിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ ആൽബർട്ടയിലേക്ക് കുടിയേറിയത്.

അന്തർപ്രവിശ്യാ കുടിയേറ്റവും ജനനനിരക്കിലെ വർധനയും ചേർന്നതോടെ പ്രവിശ്യയിലെ ജനസംഖ്യ അമ്പത് ലക്ഷം കവിഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു. ജൂലൈ 1 വരെയുള്ള കണക്കുപ്രകാരം, ആൽബർട്ടയിലെ ജനസംഖ്യ 50,29,346 ആണ്. രണ്ടാം പാദത്തിൽ (ഏപ്രിൽ-ജൂൺ) മാത്രം പ്രവിശ്യയിലെ ജനസംഖ്യ 0.4% വർധിച്ചു. അതേസമയം ഇതേ കാലയളവിൽ കാനഡയിലെ മൊത്തം ജനസംഖ്യാ വർധന 0.1% മാത്രമായിരുന്നു.