നയാഗ്ര ഫോൾസ് : നയാഗ്ര മേഖലയിലെ സംഘടിത കുറ്റകൃത്യങ്ങളെക്കുറിച്ച് ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിൽ 30 പേരെ അറസ്റ്റ് ചെയ്തതായി നയാഗ്ര പൊലീസ് അറിയിച്ചു. 2024 ഓഗസ്റ്റിൽ “പ്രൊജക്റ്റ് റോഡ് കിങ്” എന്ന പേരിൽ ആരംഭിച്ച അന്വേഷണത്തിൽ മോഷ്ടിച്ച വാഹനങ്ങൾ, മയക്കുമരുന്ന്, പണം, തോക്കുകൾ എന്നിവയും പിടിച്ചെടുത്തു.

അന്വേഷണത്തിന്‍റെ ഭാഗമായി സെപ്റ്റംബർ 9-ന് നയാഗ്ര, ഹാമിൽട്ടൺ, ടൊറൻ്റോ എന്നിവിടങ്ങളിലെ പന്ത്രണ്ട് സ്ഥലങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. തുടർന്ന് 33 ലക്ഷം ഡോളർ മൂല്യമുള്ള 38 മോഷ്ടിച്ച വാഹനങ്ങൾ, 12.25 കിലോഗ്രാം കൊക്കെയ്ൻ, 1 കിലോഗ്രാം മെത്താംഫെറ്റാമൈൻ, 1.5 കിലോഗ്രാം എംഡിഎംഎ, 17 തോക്കുകളും മൂന്ന് കൈത്തോക്കുകളും അഞ്ച് ലക്ഷം കനേഡിയൻ ഡോളർ, 4,800 യുഎസ് കറൻസി എന്നിവയും പിടിച്ചെടുത്തു. ആകെ 30 പേരെ അറസ്റ്റ് ചെയ്യുകയും 213 കുറ്റങ്ങൾ ചുമത്തിയതുമായി നയാഗ്രാ പൊലീസ് അറിയിച്ചു. മയക്കുമരുന്ന് കടത്ത്, തോക്കുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ മുതൽ വഞ്ചന, ഗൂഢാലോചന, മോഷ്ടിച്ച സ്വത്ത് കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ആർസിഎംപി, ഹാമിൽട്ടൺ പൊലീസ്, ബ്രാന്റ്‌ഫോർഡ് പൊലീസ്, കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്‌എ), മറ്റ് പ്രവിശ്യാ, ഫെഡറൽ ഏജൻസികൾ എന്നിവ അന്വേഷണത്തിൽ സഹകരിച്ചതായി നയാഗ്ര പൊലീസ് റിപ്പോർട്ട് ചെയ്തു.