ഓട്ടവ : താപനില ഉയരുന്നതിനാല്‍ ഓട്ടവയില്‍ കനത്ത ചൂടിന് സാധ്യതയെന്ന്
എന്‍വയോണ്‍മെന്റ് കാനഡ. ഞായറാഴ്ചയും തിങ്കളാഴ്ചയും താപനില നിലവിലെ റെക്കോര്‍ഡുകള്‍ ഭേദിക്കാന്‍ സാധ്യതയുണ്ടെന്നും പ്രവചനം. വേനല്‍ കാലത്തിന് സമാനമായ കാലവസ്ഥയായാണ് ഓട്ടവയില്‍ അനുഭവപ്പെടുന്നത്.

ഒക്ടോബറില്‍ സാധാരണയായി കൂടിയ താപനില 15 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 6 ഡിഗ്രി സെല്‍ഷ്യസുമാണ്. എന്നാല്‍ ഇത്തവണ വളരെ ഉയര്‍ന്ന താപനിലയാണ് അനുഭവപ്പെടുന്നത്. ഇന്ന് (വെള്ളിയാഴ്ച) ഓട്ടവയില്‍ തെളിഞ്ഞതും മേഘാവൃതവുമായ കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥ ഏജൻസി അറിയിച്ചു. പകല്‍ കൂടിയ താപനില 25°C വരെ ഉയരും. രാത്രിയില്‍ ഭാഗികമായി മേഘാവൃതമാകാന്‍ സാധ്യതയുണ്ടെന്നും കുറഞ്ഞ താപനില 11°C ആയിരിക്കുമെന്നും പ്രവചിക്കുന്നു.
ശനിയാഴ്ച ഓട്ടവയില്‍ പ്രധാനമായും തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും. പകല്‍ കൂടിയ താപനില 26°C വരെ എത്താമെന്നും എന്നാല്‍ ഈര്‍പ്പം കാരണം 29°C പോലെ അനുഭവപ്പെടുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച താപനില റെക്കോര്‍ഡ് ഭേദിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. താപനില 28°C വരെ ഉയരാന്‍ സാധ്യതയുണ്ട്. 1941 ഒക്ടോബര്‍ 5-ന് രേഖപ്പെടുത്തിയ 27.2°C ആണ് നിലവിലെ ഏറ്റവും ഉയര്‍ന്ന താപനില.

തിങ്കളാഴ്ച ഇടകലര്‍ന്ന കാലാവസ്ഥ തുടരും. കൂടിയ താപനില 27°C ആയിരിക്കും. ഒക്ടോബര്‍ 6-ന് 2005-ല്‍ രേഖപ്പെടുത്തിയ 26.2°C എന്ന റെക്കോര്‍ഡ് താപനിലയും തിങ്കളാഴ്ച മറികടക്കാന്‍ സാധ്യതയുണ്ട്. വാരാന്ത്യത്തിന് ശേഷം താപനിലയില്‍ കുറവുണ്ടാകുമെങ്കിലും അടുത്ത ബുധനാഴ്ചയോടെയായിരിക്കും സാധാരണ നിലയിലേക്ക് തിരിച്ചെത്തുക. അന്ന് കൂടിയ താപനില 16°C ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.