മിസ്സിസാഗ : അടുത്ത വർഷം നഗരത്തിൽ ട്രാൻസിറ്റ് നിരക്ക് വർധന നടപ്പിൽ വരുമെന്ന് മിസ്സിസാഗ സിറ്റി കൗൺസിൽ അറിയിച്ചു. മിസ്സിസാഗ ട്രാൻസിറ്റ് (MiWay), പ്രെസ്റ്റോ കാർഡ് ഉപയോക്താക്കളുടെ നിരക്കുകൾ വർധിപ്പിക്കാൻ സിറ്റി ബജറ്റ് കമ്മിറ്റി യോഗത്തിൽ തീരുമാനമായി.

2026 മുതൽ മുതിർന്നവർക്കുള്ള പ്രെസ്റ്റോ കാർഡ് നിരക്ക് 10 സെൻ്റ് വർധിച്ച് 3.40 ഡോളറിൽ നിന്നും 3.50 ഡോളറാകും. യുവാക്കളുടെ പ്രെസ്റ്റോ കാർഡ് നിരക്കിൽ 25 സെൻ്റ് വർധന ഉണ്ടാകും. ഇതോടെ 2.65 ഡോളറിൽ നിന്നും 2.90 ഡോളറായി യൂത്ത് സിംഗിൾ നിരക്ക് ഉയരും. മുതിർന്നവർക്കുള്ള പ്രതിമാസ പാസ് നിരക്ക് നാല് ഡോളർ വർധിച്ച് 145 ഡോളറാകും. മുതിർന്നവർക്കും യുവാക്കൾക്കുമുള്ള ക്യാഷ് നിരക്ക് 4.25 ഡോളറിൽ നിന്നും 4.50 ഡോളറായി ഉയരും. 65 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് സൗജന്യ MiWay യാത്ര സിറ്റി വാഗ്ദാനം ചെയ്യുന്നു.