ബ്രാംപ്ടൺ : സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനായി പുതിയ ജീവനക്കാരെ നിയമിക്കുന്നത് വിലക്കി ബ്രാംപ്ടൺ സിറ്റി. വർധിച്ചുവരുന്ന ചെലവുകളും നിലവിലെ സാമ്പത്തികസ്ഥിതിയും കണക്കിലെടുത്താണ് സിറ്റി ഓഫ് ബ്രാംപ്ടൺ ഈ നടപടി സ്വീകരിക്കുന്നതെന്ന് മേയർ പാട്രിക് ബ്രൗൺ അറിയിച്ചു. 2026 ജനുവരി 5 വരെ എല്ലാ പുതിയ തസ്തികകളിലും നിയമന മരവിപ്പിക്കൽ തുടരുമെന്നും മേയർ കൂട്ടിച്ചേർത്തു. പ്രൊവിൻഷ്യൽ ഏജൻസികളിലും ബോർഡുകളിലും കമ്മീഷനുകളിലും അടുത്തിടെ ഒൻ്റാരിയോ സർക്കാർ പ്രഖ്യാപിച്ച നിയമന വിലക്കിന് പിന്നാലെയാണ് സിറ്റി ഓഫ് ബ്രാംപ്ടണും ഈ തീരുമാനം കൈകൊണ്ടത്.

കൂടാതെ, കൗൺസിൽ അംഗീകരിച്ച ഫണ്ടിങ് നിലവാരത്തിനനുസരിച്ച് വരുമാനം കുറയുകയോ ചെലവ് വർധിക്കുകയോ ചെയ്യുന്ന മേഖലകളിൽ കാര്യക്ഷമത വർധിപ്പിക്കാൻ ബജറ്റ് ആൻഡ് ഫിനാൻസ് ഡിവിഷനുമായി ചേർന്ന് ഓരോ വകുപ്പും പ്രവർത്തിക്കും. അതേസമയം അവശ്യ സേവനങ്ങൾ സംരക്ഷിക്കുന്നതിന് പരിഗണിച്ചാണ് നടപടികൾ സ്വീകരിച്ചിരിക്കുന്നതെന്നും മേയർ വ്യക്തമാക്കി.