ടൊറൻ്റോ : മതചിഹ്നം ധരിച്ചതിന്‍റെ പേരിൽ വിദ്യാർത്ഥിയെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്നും തടഞ്ഞതായി പരാതി. മതപരമായ വസ്ത്രത്തിൻ്റെ ഭാഗമായി ധരിക്കുന്ന കൃപാൺ കാരണം സിഖ് വിദ്യാർത്ഥിയായ ഹർവീന്ദർ സിങിനാണ് ദുർഹം കോളേജിലെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെ വന്നത്. ജൂൺ 18-ന് ഓഷവയിലെ ട്രിബ്യൂട്ട് കമ്മ്യൂണിറ്റി സെന്‍ററിലെ ക്യാമ്പസിന് സമീപമാണ് ബിരുദദാന ചടങ്ങ് നടന്നത്. മൂർച്ചയുള്ള വസ്തു എന്നാരോപിച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥർ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കാത്തതെന്ന് ഹർവീന്ദർ പറയുന്നു. താൻ എപ്പോഴും ധരിക്കുന്നൊരു മതചിഹ്നമാണെന്ന് വിശദീകരിച്ചിട്ടും പ്രവേശനം നിഷേധിച്ചതായി ഹർവീന്ദർ പറഞ്ഞു. മുൻപും ക്യാമ്പസിൽ കൃപാൺ ധരിച്ചെത്തിയിട്ടുണ്ടെങ്കിലും തനിക്ക് ഒരു പ്രശ്‌നവും നേരിട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ദുർഹം കോളേജിൻ്റെ നയങ്ങൾ പാലിക്കുകയാണ് ചെയ്തതെന്നും ഏഴ് ഇഞ്ചിൽ താഴെ മാത്രം നീളമുള്ളതും വസ്ത്രത്തിനടിയിൽ ധരിക്കുന്നതുമായ കൃപാണുകൾക്ക് മാത്രമാണ് അനുമതിയെന്നും കോളേജ് അധികൃതർ വിശദീകരിച്ചു. ഹർവീന്ദർ സിങിൻ്റെ കൃപാണിന് 18-നും 24-നും ഇഞ്ചുകൾക്കിടയിൽ നീളമുണ്ടെന്നും, ഇത് അനുവദനീയമായ വലുപ്പത്തേക്കാൾ കൂടുതലാണെന്നും ജീവനക്കാർ പറയുന്നു.

സംഭവത്തിൽ കോളേജിന് ഔദ്യോഗികമായി നോട്ടീസ് നൽകിയതായി വേൾഡ് സിഖ് ഓർഗനൈസേഷൻ (ഡബ്ല്യുഎസ്ഒ) അറിയിച്ചു. കൃപാൺ ധരിക്കുന്നത് ധരിക്കുന്നതിന് കനേഡിയൻ സുപ്രീം അനുമതി നൽകിയിട്ടുണ്ടെന്നും WSO നിയമോപദേഷ്ടാവ് ബൽപ്രീത് സിങ് പറഞ്ഞു.