തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊള്ള കേസില്‍ അന്വേഷണവുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും. അന്വേഷണത്തിന്റെ ഭാഗമായി ഇഡി പ്രാഥമിക വിവര ശേഖരണം തുടങ്ങി. പ്രത്യേക അന്വേഷണ സംഘം സ്വര്‍ണം കാണാതായ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഇഡി നടപടി. ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടും മൊഴികളും ഇ ഡി പരിശോധിക്കും. പ്രാഥമിക അന്വേഷണത്തിനുശേഷം ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ തീരുമാനമെടുക്കും. വൈകാതെ പ്രാഥമിക അന്വേഷണം നടത്തുമെന്നാണ് വിവരം.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘം രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദ്വാരപാലക ശില്പത്തിന്റെ സ്വര്‍ണപ്പാളി കടത്തിയതും കട്ടിളപ്പാളിയിലെ സ്വര്‍ണം പതിപ്പച്ച പാളികള്‍ കടത്തിയതും രണ്ട് കേസുകളായാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ടിലും ഉണ്ണികൃഷ്ണന് പോറ്റിയാണ് ഒന്നാം പ്രതി. ദ്വാരപാലക ശില്പത്തിലെ സ്വര്‍ണം കടത്തിയ സംഭവത്തില്‍ ഒന്‍പത് പേരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. പ്രതികളെ ഉടന്‍ ചോദ്യം ചെയ്യാനും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ വേഗത്തിലാക്കാനുമാണ് തീരുമാനം.

അതേസമയം, ശബരിമലയിലെ സ്വര്‍ണാപഹരണ കേസില്‍ അന്വേഷണം ഉന്നതരിലേക്ക് നീളുകയാണ്. ശബരിമലയിലെ സ്വര്‍ണാപഹരണം സംബന്ധിച്ച് പ്രത്യേക അന്വേഷണസംഘം രജിസ്റ്റര്‍ ചെയ്ത രണ്ടാം കേസിലെ എഫ് ഐആറില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതിചേര്‍ത്തു. 2019 ലെ ദേവസ്വം ബോര്‍ഡ് അംഗങ്ങളെയാണ് എട്ടാം പ്രതിയായി ചേര്‍ത്തിരിക്കുന്നത്. ആരുടെയും പേര് എഫ്ഐആറിലില്ല. എ പത്മകുമാര്‍ പ്രസിഡന്റാായ ഭരണസമിതിയാണ് 2019ല്‍ ചുമതലയിലുണ്ടായിരുന്നത്. 2019ല്‍ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്‍ണ പാളികള്‍ ഇളക്കി എടുത്തെന്നാണ് എഫ്ഐആറില്‍ പറയുന്നത്. ബോര്‍ഡിന് നഷ്ടമുണ്ടാക്കാനായി പ്രതികള്‍ ഗൂഢാലോചന നടത്തിയെന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. പത്മകുമാര്‍ പ്രസിഡന്റായ ബോര്‍ഡില്‍ ശങ്കര്‍ ദാസ്, കെ .രാഘവന് എന്നിവരായിരുന്നു അംഗങ്ങള്‍.