ന്യൂഡൽഹി: സിഖ് വിഘടനവാദി ഹർദീപ് സിങ് നിജ്ജാറിൻ്റെ കൊലപാതകത്തെ തുടർന്ന് വഷളായിരുന്ന നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ ധാരണയിലെത്തി ഇന്ത്യയും കാനഡയും. കാനഡയുടെ വിദേശകാര്യ മന്ത്രി അനിത ആനന്ദ്, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ന്യൂഡൽഹിയിൽ ചർച്ച നടത്തിയതിന് ശേഷമാണ് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള പുതിയ റോഡ്മാപ്പിന് തിങ്കളാഴ്ച അംഗീകാരം നൽകിയത്.

ക്രിട്ടിക്കൽ മിനറൽസ്, വ്യാപാരം, കാർഷിക മേഖലകൾ എന്നിവയിൽ സഹകരിക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. ഈ പങ്കാളിത്തം സാമ്പത്തിക സഹകരണം വർധിപ്പിക്കുകയും, മാറുന്ന ആഗോള സാഹചര്യങ്ങളിൽ ഉണ്ടാകുന്ന ദുർബലതകൾ ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യുമെന്ന് ഇരുനേതാക്കളും സംയുക്ത പ്രസ്താവനയിൽ പറയുന്നു. കാനഡയിലെ ഖലിസ്ഥാൻ അനുകൂലികളുമായി ബന്ധപ്പെട്ട് ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയിരുന്നു. കാനഡയിൽ ഏറ്റവും കൂടുതൽ വിദേശ തൊഴിലാളികളെയും വിദ്യാർത്ഥികളെയും നൽകുന്ന രാജ്യമാണ് ഇന്ത്യ.