ഹാലിഫാക്സ് : ചൊവ്വാഴ്ച രാവിലെ ചില മാരിടൈംസ് നിവാസികൾ മഞ്ഞുമൂടിയ കാലാവസ്ഥയിലേക്കായിരിക്കും ഉണരുക. താപനില മൈൻസിലേക്ക് കുറയുന്നതോടെ നോവസ്കോഷ, ന്യൂബ്രൺസ്വിക്, പ്രിൻസ് എഡ്വേഡ് ഐലൻഡ് എന്നീ പ്രവിശ്യകളുടെ ചില പ്രദേശങ്ങളിൽ മഞ്ഞുവീഴുമെന്ന് എൻവയൺമെൻ്റ് കാനഡ അറിയിച്ചു.

ന്യൂബ്രൺസ്വിക്
പ്രവിശ്യയുടെ മധ്യ, കിഴക്കൻ പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പ് പ്രാബല്യത്തിലുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ താപനില മൈനസ് നാല് ഡിഗ്രി വരെ താഴ്ന്നേക്കാമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. തിങ്കളാഴ്ച രാത്രിയിൽ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. മഞ്ഞുവീഴ്ച സസ്യങ്ങൾക്കും വിളകൾക്കും നാശത്തിന് കാരണമാകുമെന്ന് ഏജൻസി അറിയിച്ചു.
നോവസ്കോഷ
നോവസ്കോഷയിലെ കെയ്പ് ബ്രെറ്റൺ, മധ്യ, കിഴക്കൻ, വടക്കൻ മെയിൻലാൻഡ് പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച മുന്നറിയിപ്പ് ബാധകമായിരിക്കും. ആൻ്റിഗോണിഷ്, കോൾചെസ്റ്റർ, കംബർലാൻഡ്, ഗൈസ്ബറോ, ഹാലിഫാക്സ്, ഹാന്റ്സ്, പിക്റ്റൗ കൗണ്ടികൾ എന്നിവിടങ്ങളിൽ തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയും മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. കുറഞ്ഞ താപനില മൈനസ് 2 മുതൽ 2 ഡിഗ്രി വരെ ആയിരിക്കുമെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു.

പ്രിൻസ് എഡ്വേഡ് ഐലൻഡ്
പ്രിൻസ് എഡ്വേഡ് ഐലൻഡിലെ കിങ്‌സ് കൗണ്ടി, പ്രിൻസ് കൗണ്ടി, ക്വീൻസ് കൗണ്ടി എന്നിവിടങ്ങളിൽ മുന്നറിയിപ്പ് ബാധകമാണ്. താഴ്ന്ന പ്രദേശങ്ങളിൽ പൂജ്യം മുതൽ തീരപ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ 3 ഡിഗ്രി വരെ താപനിലയാണ് പ്രതീക്ഷിക്കുന്നത്, കാലാവസ്ഥാ ഏജൻസി അറിയിച്ചു.